| Wednesday, 15th March 2017, 10:04 am

യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ; യു.പി മുന്‍മന്ത്രി ഗായത്രി പ്രജാപതി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍മന്ത്രി ഗായത്രി പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതിന് പ്രജാപതിയുടെ മകനെയും അനന്തിരവനേയുമടക്കം മൂന്നു പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയതപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലക്നൗവില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തെന്നാണ് പ്രജാപതിക്കെതിരായുള്ള കേസ്. അറസ്റ്റ് ഭയന്ന് പ്രജാപതി ഒളിവിലായിരുന്നു.

മന്ത്രി രാജ്യം വിടുമെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് നാല് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.


Dont Miss പുലയ സ്ത്രീയുടെ മാനം സംരക്ഷിക്കാന്‍ അരിവാളെടുത്ത് പോരാടിയവരുടെ പിന്‍മുറക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത് വിരോധാഭാസം: പന്ന്യന്‍ രവീന്ദ്രന്‍ 


സമാജ്വാദി പാര്‍ട്ടിയുടെ അമേഠിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രജാപതി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രജാപതി അറസ്റ്റ് ഒഴിവാക്കുന്നതിന് സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.

പ്രജാപതിയുടെ സ്വത്ത് കണ്ടുക്കെട്ടുന്നതിനുള്ള അനുമതിക്കായി പോലീസ് കോടതിയെ സമീപിക്കാനിരിക്കെയാണ് അറസ്റ്റ്. പ്രജാപതിയെ കൂടാതെ മറ്റു ആറുപേരാണ് കേസിലെ പ്രതികള്‍. രണ്ടു പേരെ കഴിഞ്ഞ ആഴ്ച പോലീസ് പിടികൂടിയിരുന്നു. 2014ലാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിക്കെതിരെ ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ സ്ഥാനം അടക്കം വാഗ്ദാനം ചെയ്താണ് പതിനാറുകാരിയായ പെണ്‍കുട്ടിയുടെ മാതാവിനെ രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയത്. പിന്നീട് അവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

49കാരനായ പ്രജാപതിയെ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അഖിലേഷ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നതാണ്. എന്നാല്‍, പിന്നീട് മുലായം സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തിരിച്ചെടുത്തത്.

We use cookies to give you the best possible experience. Learn more