മലയാളത്തിന്റെ അതുല്യ നടനാണ് ജഗതി ശ്രീകുമാര്‍. ഒപ്പം അഭിനയിക്കുന്നത് ഏത് താരങ്ങള്‍ ആണെങ്കിലും പ്രകടനം കൊണ്ട് അവരുടെ മുകളിലേക്ക് പോവുന്ന നടനാണ് അദ്ദേഹം. പലരും അത് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ നടി ഗായത്രി വര്‍ഷ ജഗതിയെ കുറിച്ച് പറയുകയാണ്. മീശ മാധവന്‍ എന്ന ചിത്രത്തിലെ ജഗതിയുടെയും ഗായത്രിയുടെയും പിള്ളേച്ചന്‍- സരസു കോമ്പോ വലിയ രീതിയില്‍ മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയിരുന്നു.
ജഗതി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാവര്‍ക്കും ചിരിക്കാന്‍ കഴിയും പക്ഷെ തനിക്കത് പറ്റില്ലെന്നും നല്ല ഭയമാണെന്നുമാണ് ഗായത്രി പറയുന്നത്. റിഹേഴ്‌സല്‍ ചെയുമ്പോഴേല്ലാം പല ടേക്ക് എടുത്താലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായാണ് അദ്ദേഹം ചെയ്യാറുള്ളതെന്നും നോക്കി നിന്ന് പോവുമെന്നും ഗായത്രി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു നടി.
‘ജഗതി ചേട്ടന്റെ കൂടെ നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള പ്രശ്നം തന്നെയാണ് ചിരിക്കുന്നത്. പക്ഷെ എനിക്കൊന്നും ഒരിക്കലും ചിരിക്കാന്‍ പറ്റില്ല. കാരണം ആത്യന്തികമായി ജഗതി ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്കുള്ളത് ഭയങ്കരമായ ഭയമാണ്. ഭയമെന്ന് പറഞ്ഞാല്‍ ഒരു ഹെഡ്മാസ്റ്ററുടെ മുന്നില്‍ കുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് നമ്മള്‍ നില്‍ക്കുന്നത്.
റിഹേഴ്‌സല്‍ ചെയ്യുന്ന സമയത്ത് ഒരു സീനിന്റെ എട്ട് ടേക്ക് എടുക്കുന്നുണ്ടെങ്കില്‍ ആ 8 ടേക്കിലും അഭിനയത്തിന്റെ എട്ട് തലങ്ങളാണ് ജഗതി ചേട്ടന്‍ തരുക. അതും ഒരേ സ്‌കേലിലും ഒരേ അളവിലും കറക്റ്റ് ടൈമിങ്ങിലും, മറ്റാരെയും ശല്യപ്പെടുത്താത്ത ഒരു ക്യാന്‍വാസിന് അകത്ത് നിന്ന് കൊണ്ടാണ് ആ എട്ട് എക്‌സ്പ്രഷനും അദ്ദേഹം നല്‍കുന്നത്. നമ്മളുടെ റിയാക്ഷന്‍സ് എന്താണെന്ന് പോലും മറന്ന് നമ്മള്‍ ഇങ്ങനെ അദ്ദേഹത്തെ നോക്കി നിന്ന് പോവും,’ഗായത്രി വര്‍ഷ പറയുന്നു.
Content Highlight: Gayathri Varsha talks about Jagathy Sreekumar.