| Saturday, 2nd December 2023, 9:10 pm

തുറന്ന് പറച്ചിലുകള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി; അഭിപ്രായങ്ങള്‍ ഇനിയും പറയും; ഗായത്രി വര്‍ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ അഭിപ്രായങ്ങളും തുറന്നു പറച്ചിലുകളും കാരണം അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് നടിയും സാംസ്‌കാരിക പ്രവര്‍ത്തപയുമായ ഗായത്രി വര്‍ഷ. സിനിമകള്‍ ലഭിക്കുന്നില്ല എന്നത് സത്യമാണെന്നും സീരിയലുകള്‍ ചെയ്യുന്നില്ലെന്ന് താന്‍ തീരുമാനിച്ചതാണെന്നും ഗായത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.

‘അഭിനയിക്കാന്‍ കഴിവില്ലാത്തതു കൊണ്ടോ, ആത്മവിശ്വാസമില്ലാത്തതുകൊണ്ടോ അല്ല താന്‍ സീരിയലുകള്‍ ചെയ്യാത്തത്. തന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന അടിമയെ പോലെ പണിയെടുക്കാന്‍ നിര്‍ബന്ധം ഉണ്ടാക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത, രാവിലെ ആറ് മുതല്‍ രാത്രി 12 വരെ ജോലിയെടുക്കുമ്പോള്‍ ഓവര്‍ ടൈം വേതനം ചോദിക്കാന്‍ കഴിയാത്ത അവസ്ഥ ഉള്ള ഒരു തൊഴിലിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനോട് എന്നിലെ സാമൂഹിക പ്രതിബദ്ധതയുള്ള, അധ്വാനത്തിന് മൂല്യം കല്‍പിക്കുന്ന തൊഴിലാളിക്ക് പ്രതികരണങ്ങളുണ്ട്. അതില്‍ നഷ്ടപ്പെട്ട അവസരങ്ങളുമുണ്ടായിട്ടുണ്ട്,’ ഗായത്രി പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് അഞ്ജു അരവിന്ദും, ജീജ സുരേന്ദ്രനും കിഷോറും, ഷിജു അടൂരുമല്ലാതെ മറ്റാരും വിളിച്ചിലെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പേടിയാണ് എല്ലാവരില്‍ ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

സിനിമ ഇല്ലെങ്കില്‍ പട്ടിണി കിടക്കാനും അധ്വാനമൂല്യമുള്ള തൊഴിലായ വീട്ടുജോലി എടുത്ത് ജീവിക്കാനും താന്‍ തയ്യാറാണെന്ന് ഗായത്രി വ്യക്തമാക്കി. അത് താന്‍ അഭിമാനത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അധികാരസ്ഥാനങ്ങളില്‍ അഭിരമിക്കുന്ന ആളല്ലെന്നും സമരമുഖത്ത് നില്‍ക്കുന്ന തെരുവില്‍ നിന്ന് പോരാടുന്ന ഗായത്രിയാണ് എന്നും താനെന്നും പറഞ്ഞ അവര്‍ തനിയ്ക്ക് ശരിയെന്ന് വ്യക്തമായ ബോധ്യമുള്ള കാര്യങ്ങള്‍ ഇനിയും തുറന്ന് പറയുമെന്നും വിവാദങ്ങള്‍ തന്നെ പിന്തിരിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി.

നവകേരള സദസ്സിന്റെ കോഴിക്കോട് നാദപുരത്തെ വേദിയില്‍ ഗായത്രി നടത്തിയ പ്രസംഗം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സംസ്‌കാരിക മേഖലകളിലെ സംഘപരിപാര്‍ കടന്ന് കയറ്റത്തെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സംസ്‌കാരിക നയത്തെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഗായത്രിയ്ക്ക് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു.

content highlight: Gayathri varsha about recent controversies

We use cookies to give you the best possible experience. Learn more