അന്ന് പ്രേമത്തിലെ ആ സീനാണ് ഞാൻ അഭിനയിച്ചത്, പക്ഷെ പിന്നെ അവരൊന്നും അറിയിച്ചില്ല: ഗായത്രി സുരേഷ്
Entertainment
അന്ന് പ്രേമത്തിലെ ആ സീനാണ് ഞാൻ അഭിനയിച്ചത്, പക്ഷെ പിന്നെ അവരൊന്നും അറിയിച്ചില്ല: ഗായത്രി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 10:35 pm

മലയാളത്തിൽ ഇറങ്ങി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിവിൻ പോളി ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായി മാറിയിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു പ്രേമം.

ചിത്രത്തിൽ അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനായി താനും ഓഡിഷന് പോയിരുന്നുവെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. താൻ അന്ന് മിസ്‌ കേരള കഴിഞ്ഞിരിക്കുന്ന സമയമാണെന്നും ഗായത്രി പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം.

‘പ്രേമത്തിൽ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ ഓഡിഷനിൽ പങ്കെടുത്തത്. ഞാൻ അന്ന് മിസ്‌ കേരള കഴിഞ്ഞിരിക്കുന്ന സമയമായി അപ്പോൾ പ്രേമത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ചേട്ടൻ എന്നെ വിളിച്ചു.

ആലുവയിൽ വെച്ച് ഇങ്ങനെയൊരു റോളിന് വേണ്ടിയുള്ള ഓഡിഷൻ നടക്കുന്നുണ്ടെന്നും അൽഫോൺസ് പുത്രനൊക്കെയാണ് ഉള്ളതെന്നും എന്നോട് വെറുതെയൊന്ന് വന്ന് കാണണമെന്ന് പറഞ്ഞു.

അങ്ങനെ ഞാനും അച്ഛനും അമ്മയും കൂടെ ഓഡിഷന് പോയി. ജോർജിന് മറ്റേ ജോർജിനെ പരിചയപ്പെടുത്തി കൊടുക്കുന്ന സീനായിരുന്നു അഭിനയിച്ചു കാണിക്കാൻ ഉണ്ടായിരുന്നത്. അവർ അപ്ഡേറ്റ് പറയാമെന്ന് പറഞ്ഞു, പക്ഷെ പിന്നെ ഒന്നും പറഞ്ഞില്ല. അത് കുഴപ്പമില്ല, കാരണം അനുപമ തന്നെയായിരുന്നു അതിന് ഏറ്റവും യോജിച്ചയാൾ.

അന്ന് നിവിൻ ചേട്ടൻ ഉണ്ടായിരുന്നില്ല. അൽഫോൺസ് പുത്രൻ സാറും സിജു വിൽസണുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ഞാനും സിജുവും ഒരിക്കൽ സംസാരിച്ചപ്പോൾ സിജു എന്നോട് ചോദിച്ചിരുന്നു, പ്രേമത്തിന്റെ ഓഡിഷന് വന്നിരുന്നല്ലേയെന്ന്,’ ഗായത്രി സുരേഷ് പറയുന്നു.

 

Content Highlight: Gayathri Suresh Says That She Attend Premam Movie Audition