ജംമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. തന്റെ സംസാരി ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം എന്നുമൊരു വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.
സിനിമ എന്നതിലുപരി സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുണ്ട്. ഗായത്രി സുരേഷ് ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഒരു സെലിബ്രിറ്റി ആവേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നാണ് ഗായത്രി പറയുന്നത്.
‘ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്,’ താരം പറയുന്നു.
തനിക്ക് അധികം ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും അഭിമുഖത്തില്‍ ഗായത്രി പറയുന്നുണ്ട്.
‘ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാള്‍ മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര്‍ തന്നെയാണ്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.
എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. 2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്.
Content Highlights: Gayathri Suresh says she don’t want to became a celebrity