ഗായത്രി അരുണ്‍ നായികയായെത്തിയ ഏറ്റവും പുതിയ സിനിമയാണ് ‘എന്നാലും ന്റളിയാ’. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, ലെന എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ ഗായത്രി അവതരിപ്പിക്കുന്ന ലക്ഷമി എന്ന കഥാപാത്രവും ലെനയുടെ സുലു എന്ന കഥാപാത്രവും രണ്ട് എക്‌സ്ട്രീമുകളില്‍ നില്‍ക്കുന്നവരാണെന്ന് പറയുകയാണ് ഗായത്രി.
ലെനയുടെ കഥാപാത്രം ഭയങ്കര ലൗഡായിട്ടുള്ള ആളാണെന്നും എന്നാല്‍ ലക്ഷ്മി ഭര്‍ത്താവിന്റെ കാര്യങ്ങളൊക്ക നോക്കി ജീവിക്കുന്ന ഉത്തമയായ ഭാര്യയാണെന്നും താരം പറഞ്ഞു. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വണ്‍ സിനിമ കണ്ടിട്ടാണ് സംവിധായകന്‍ ബാഷ് മുഹമ്മദ് എന്നെ വിളിക്കുന്നത്. അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നു. അതിനുശേഷം ‘എന്നാലും ന്റളിയാ’ ഡിസ്‌കഷന്‍ വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് എന്നെ നിര്‍ദേശിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോള്‍, രണ്ട് കുടുംബങ്ങളാണ് പ്രധാനമായും വരുന്നത്.
അതിലെ സ്ത്രീകളാവട്ടെ രണ്ട് എക്‌സ്ട്രീമില്‍ നില്‍ക്കുന്നവരാണ്.
ആ ഒരു വ്യത്യാസം കഥാപാത്ര നിര്‍മിതിയിലും കൃത്യമായി കാണാന്‍ കഴിയും. തിരക്കഥ വായിക്കുമ്പോള്‍ തന്നെ അത് മനസിലായിരുന്നു. ലെന അവതരിപ്പിക്കുന്ന കഥാപാത്രം ഭയങ്കര ലൗഡായിട്ടുള്ള ഒരാളാണ്. ഭര്‍ത്താവിനെ അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന തനി നാടനായൊരു കഥാപാത്രമാണത്.
ഭര്‍ത്താവിനോട് വളരെ പൊളൈറ്റായി ഇഷ്ടത്തോടെ സംസാരിക്കുന്നയാളാണ് എന്റെ കഥാപാത്രം, മലയാളികളുടെ ഭാര്യ സങ്കല്‍പത്തിലുള്ള ഉത്തമയായ ഭാര്യ. വളരെ പാവമായ ഈ കഥാപാത്രം ഭര്‍ത്താവിനെ മനസിലാക്കി കൂടെ ജീവിക്കുന്ന ഒരാളാണ്. അങ്ങനെ രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് രണ്ടും,’ ഗായത്രി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
അതേസമയം ഉത്തമയായ ഭാര്യ സങ്കല്‍പ്പത്തില്‍ വ്യക്തിപരമായി താന്‍ വിശ്വസിക്കുന്നില്ലെന്നും ഗായത്രി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘ഒരിക്കലുമില്ല. ഞാന്‍ ആദ്യം പറഞ്ഞത് സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഭര്‍ത്താവിന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിക്കേണ്ട ഒരു ആവശ്യവും ഭാര്യക്കില്ല. എന്റെ കാഴ്ചപ്പാടുകള്‍ ‘ഉത്തമ ഭാര്യ’ സങ്കല്‍പത്തില്‍ നിന്നും വ്യത്യസ്തമാണ്.
നമ്മള്‍ എത്രയൊക്കെ പുരോഗമനം പറയുമ്പോഴും ചില കാര്യങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കും . കേരളത്തിലെ ഏതൊരു പുരുഷനും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു നാടന്‍ പെണ്‍കുട്ടിയെയായിരിക്കും. നമ്മള്‍ നേരത്തെ പറഞ്ഞ ‘ഉത്തമയായ ഭാര്യ’യേയാണ് അവര്‍ക്ക് ആവശ്യം. അവിടെ പുരോഗമനമോ മറ്റ് കാര്യങ്ങളോ നോക്കാറില്ല.’ ഗായത്രി പറഞ്ഞു.
content highlight: gayathri arun talks about new movie