പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ താരമാണ് ഗായത്രി അരുണ്‍. മമ്മൂട്ടി നായകനായ ‘വണ്‍’ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. തന്റേതായ അഭിനയശൈലി കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ച ഗായത്രി, ഇപ്പോഴിതാ ഒരു പുസ്തകം രചിച്ചിരിക്കുകയാണ്.
‘അച്ഛപ്പം കഥകള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം ഏറ്റ് വാങ്ങിയത് നടന്‍ മോഹന്‍ലാലായിരുന്നു. തന്റെ പുസ്തകത്തെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ഗായത്രി അരുണ്‍.
എന്തുകൊണ്ടാണ് പുസ്തകത്തിന് ‘അച്ഛപ്പം കഥകള്‍’ എന്ന് പേരിട്ടത്?
അച്ഛപ്പം കഥകള്‍ എന്ന പുസ്തകം എന്റെ അച്ഛനെ കുറിച്ചുള്ളതാണ്. അച്ഛന്റെ തമാശകളും അച്ഛന് പറ്റിയ അബദ്ധങ്ങളും അച്ഛനെ തന്നെ വായിച്ച് കേള്‍പ്പിക്കാനായാണ് ഞാന്‍ ഇതെഴുതിയത്. സാധാരണ, നമ്മള്‍ സംസാരിക്കുന്ന ഭാഷയിലാണ് ഇതെഴുതിയിട്ടുള്ളത്. ഒരിക്കലും ഒരു പുസ്തകമാക്കി മറ്റുള്ളവര്‍ വായിക്കണം എന്ന ഉദ്ദേശത്തോടെയല്ല ഞാനിത് എഴുതിയത്. അച്ഛന്‍ വായിക്കാനും അച്ഛനെ വായിച്ചു കേള്‍പ്പിക്കാനും വേണ്ടി മാത്രം എഴുതിയതാണ് ആദ്യത്തെ മുന്ന് കഥകള്‍. അതുകൊണ്ട് തന്നെ പേഴ്സണലി ഒരുപാട് അറ്റാച്ച്ഡ് ആയ രീതിയിലാണ് അതൊക്കെ എഴുതിയിരിക്കുന്നത്.
പുസ്തകം മുഴുവനായും നമ്മള്‍ സംസാരിക്കുന്ന രീതിയില്‍ എഴുതിയത് കൊണ്ടാവണം വരുന്ന റിവ്യൂകളില്‍ എല്ലാം തന്നെ ‘ഒറ്റയിരുപ്പിന് പുസ്തകം മുഴുവന്‍ വായിച്ചു’, ‘പുസ്തകം വായിക്കുമ്പോള്‍ അവരുടെ അച്ഛനേയും മുത്തച്ഛനേയും എല്ലാം ഓര്‍മ വരുന്നു’ എന്നൊക്കെ ആളുകള്‍ പറയുന്നത്. വായിക്കുന്നവര്‍ക്ക് ഒരു പക്ഷേ അവരുടെ അച്ഛനെയോ മുത്തച്ഛനെയോ ഒക്കെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടാവും. അങ്ങനെ ഒരുപാട് ഇമോഷണലായ പ്രതികരണങ്ങളാണ് പുസ്തകത്തിന് അധികവും കിട്ടുന്നത്.
മോഹന്‍ലാലും മഞ്ജു വാര്യരും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്, ആദ്യ പുസ്തകം തന്നെ ഇത്രയധികം ആഘോഷിക്കപ്പെടുന്നു. എഴുത്തുകാരി എന്ന നിലയില്‍ എന്ത് തോന്നുന്നു?
എനിക്കിപ്പോള്‍ നടന്നതെല്ലാം ഒരു അത്ഭുതമായാണ് തോന്നുന്നത്. ഇപ്പോള്‍ നടന്നിട്ടുള്ള കാര്യങ്ങളൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. എന്നെ സംബന്ധിച്ച് ഇതൊരു പുസ്തകമാക്കണം എന്ന ഐഡിയ പോലും ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു പുസ്തകമായി, നല്ലൊരു പബ്ലിഷറുടെ കയ്യില്‍ കിട്ടി. പുസ്തകമായപ്പോള്‍ തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. അച്ഛപ്പം കഥകള്‍ ലാലേട്ടന്റെ പേജിലൂടെ പുറത്തിറങ്ങുന്നതും മഞ്ജു ചേച്ചി അതേറ്റു വാങ്ങുന്നതും ഒക്കെ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ്. സന്തോഷത്തിന്റെ ഒരു എക്സ്ട്രീമിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. പിന്നീട് ലാലേട്ടന് നേരിട്ട് പുസ്തകം നല്‍കാനും സാധിച്ചു.
പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീരയ്ക്ക് ‘അച്ഛപ്പം കഥകള്‍’ കൈമാറാന്‍ സാധിച്ചല്ലോ, എന്ത് തോന്നി?
പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു എനിക്കപ്പോള്‍. കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കൃതിയാണ്. ആ നോവല്‍ ഇറങ്ങിയത് മുതല്‍ എനിക്കെന്തോ അവരോട് വല്ലാത്ത ആരാധനയായിരുന്നു. ഞാന്‍ ഇക്കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ എനിക്ക് നല്ല രീതിയിലുള്ള സ്വീകരണമാണ് അവിടുന്ന് കിട്ടിയത്. പുസ്തകവും കൊണ്ടുവരൂ എന്ന് പറഞ്ഞ് അവരെന്നെ വീട്ടിലേക്ക് ക്ഷണിച്ചു. അത് മറ്റൊരു ഭാഗ്യമാണ്. നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ നടക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഒരു നഷ്ടം ബാക്കിയുണ്ട്. ഞാന്‍ ഏറെ ആരാധിച്ചിരുന്ന സുഗതകുമാരി ടീച്ചര്‍ക്കും ഇതുപോലെ പുസ്തകം കൊടുക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനിപ്പോള്‍ ആഗ്രഹിച്ച് പോവുകയാണ്.
നേരത്തെ സ്‌കൂള്‍-കോളേജ് കാലഘട്ടങ്ങളില്‍ എഴുതിയിട്ടുണ്ടായിരുന്നോ?
സ്‌കൂളിലും കോളേജിലുമൊക്കെ എഴുത്തില്‍ ഞാന്‍ പങ്കെടുത്തിട്ടേയില്ല. ഞാന്‍ സ്വയം ഇതുപോലെ ഓരോന്ന് കുത്തിക്കുറിക്കും എന്നല്ലാതെ സാഹിത്യപരമായി ഒന്നും ചെയ്തിട്ടില്ല. ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇതുപോലെ ഓരോന്ന് എഴുതിയിടാറുണ്ടായിരുന്നു. അവിടുന്നാണ് എനിക്ക് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ കിട്ടിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ചേര്‍ന്നാണ് എഴുത്തിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും പുസ്തകമിറക്കാന്‍ സപ്പോര്‍ട്ട് തന്നതും. എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ഏറ്റവുമധികം നന്ദി പറയേണ്ടത് എന്റെ സുഹൃത്ത് രാമാനന്ദിനോടാണ്. അദ്ദേഹത്തിന്റെ ‘ഖാന്തം അഥവാ കാന്തം’ എന്ന എഴുത്ത് വായിച്ചാണ് ഞാനും ഇത്തരത്തില്‍ എഴുതിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ സംസാരഭാഷയിലെഴുതിയ ശൈലിയാണ് എനിക്കേറ്റവും ഇഷ്ടമായത്. അത് വായിച്ച് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ അച്ഛപ്പം കഥകള്‍ എഴുതുന്നത്. എഴുതിക്കഴിഞ്ഞ് രാമാനന്ദിന് അയച്ചു കൊടുത്തപ്പോള്‍ മികച്ചതായി എന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അഭിനയത്തിനും എഴുത്തിനും പുറമേ സംവിധാനത്തിലേക്ക് കടക്കുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടല്ലോ, അതിനെ കുറിച്ച്?
ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാം എന്നൊരു പ്ലാനില്‍ തുടങ്ങിയതാണ്. പക്ഷേ അത് ഷോര്‍ട്ട് ഫിലിമിനുള്ളില്‍ ഒതുങ്ങുന്ന ഒരു സബ്ജക്ട് അല്ല. അതുകൊണ്ട് 8 കഥകളുടെ കളക്ഷന്‍ എന്ന രീതിയില്‍ ഒരു വെബ് സീരീസ് പോലെ ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ഏതെങ്കിലുമൊരു ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കാം എന്നാണ് കരുതുന്നത്. എപ്പോള്‍ പുറത്തിറങ്ങും എന്ന് പറയാന്‍ പറ്റില്ല, ഒരുപാട് ഹോംവര്‍ക്കുകള്‍ ആവശ്യമുണ്ട്. കുറച്ചു കാലത്തിനുള്ളില്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്.
വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പമുള്ള എക്സ്പീരിയന്‍സ് എങ്ങിനെയായിരുന്നു?
മമ്മൂക്കയെ പോലുള്ള ഒരു ലെജന്‍ഡ്, ഇത്രയും വലിയ ക്രൂ മെമ്പഴ്സ്, അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. മമ്മൂക്കയില്‍ നിന്നും ഒരുപാട് പഠിക്കാന്‍ പറ്റി. ഓരോ ഷോട്ടിന് മുന്‍പുമുള്ള തയ്യാറെടുപ്പുകളെല്ലാം അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കാന്‍ പറ്റി. മമ്മൂക്കയോടൊപ്പം ഒന്നോ രണ്ടോ കോമ്പിനേഷന്‍ സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് മമ്മൂക്ക എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ചില നിര്‍ദേശങ്ങള്‍ ഒക്കെ തന്നിരുന്നു. എന്നെ സംബന്ധിച്ച് അതൊരു ലേര്‍ണിംഗ് പ്രൊസസ് ആയിരുന്നു.
താങ്കളുടെ കരിയറില്‍ ബ്രേക്ക് ത്രൂ നല്‍കിയ കഥാപാത്രമാണ് ദീപ്തി ഐ.പി.എസ്. ഇപ്പോഴും ആളുകള്‍ക്കിടയില്‍ ആ പേര് സുപരിചിതമാണ്. ആ കഥാപാത്രത്തെ കുറിച്ച് ?
സീരീയല്‍ തീര്‍ന്നിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. ആളുകള്‍ ഇപ്പോഴും ദീപ്തി ഐ.പി.എസിനെ ഓര്‍ക്കുന്നു എന്ന് പറയുന്നത് തന്നെ സന്തോഷമാണ്. സാധാരണ സീരിയലിലെ സ്ത്രീ കഥാപാത്രങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന കഥാപാത്രമാണ് ദീപ്തി. പല പെണ്‍കുട്ടികളും ഇങ്ങനെയാവണമെന്ന് ആഗ്രഹിച്ചവരായിരിക്കാം, അവര്‍ക്ക് സ്വയം റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് കൊണ്ടായിരിക്കാം ആ കഥാപാത്രം ഇപ്പോഴും ആളുകള്‍ക്ക് ഓര്‍മ്മയില്‍ നില്‍ക്കുന്നത്.
ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രം താങ്കളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?
അങ്ങനെ പറയാന്‍ പറ്റുമോ എന്നെനിക്കറിയില്ല. ഏകദേശം എന്റെ ക്യാരക്ടര്‍ തന്നെയാണ് ദീപ്തിയ്ക്കും. അതുകൊണ്ട് ആ കഥാപാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് എനിക്കറില്ല. പക്ഷേ മറ്റൊരുപാട് പേരെ ആ കഥാപാത്രം സ്വാധീനിച്ചിട്ടുണ്ട്. എന്റെ ക്യാരക്ടര്‍ കണ്ട് സിവില്‍ സര്‍വീസില്‍ ജോയിന്‍ ചെയ്യണം എന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ ഇപ്പോഴും മെസേജ് അയക്കാറുണ്ട്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പഠിക്കാനോ ജോലിക്കോ ഒന്നും വിടാത്തവര്‍ എന്റെ സീരിയല്‍ കണ്ട് അവരെ പഠിക്കാന്‍ വിടുന്നു എന്നൊക്കെ പറഞ്ഞ് എനിക്ക് കത്തുകള്‍ അയച്ചിരുന്നു. അത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഒരിക്കല്‍ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ അവിടുന്ന് കുറച്ച് പേര്‍ എനിക്ക് പരാതിയൊക്കെ കൊണ്ട് തന്നിരുന്നു. അത്തരത്തില്‍ ആ കഥാപാത്രം ആളുകള്‍ ഏറ്റെടുത്തു എന്ന് പറയുമ്പോള്‍ വളരെയധികം സന്തോഷം തോന്നാറുണ്ട്.
പുതിയ എഴുത്തുകളെക്കുറിച്ചുള്ള ആലോചനകളുണ്ടോ?
മറ്റെന്തെങ്കിലും ജോലി പോലെയാണ് എഴുത്ത് എന്നെനിക്ക് തോന്നുന്നില്ല. അച്ഛപ്പം കഥകള്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ എഴുതിയതാണ്. ഇതൊരു സാഹിത്യ സൃഷ്ടിയാണ് എന്ന് പറയാന്‍ പറ്റുമോ എന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഇത് കഴിഞ്ഞ് അടുത്ത പുസ്തകം എന്ന ചിന്ത എനിക്കിതുവരെ ഉണ്ടായിട്ടില്ല.
പുതിയ ചിത്രങ്ങള്‍ എന്തൊക്കെയാണ്?
ലുക്കാ ചുപ്പിയുടെ സംവിധായകന്‍ ബാഷ് മുഹമ്മദിന്റെ സിനിമയാണ് അടുത്തതായി ചെയ്യുന്നത്. സുരാജേട്ടന്‍, സിദ്ദിക്ക, ലെന പിന്നെ ഞാന്‍ ഇങ്ങനെ നാല് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത്. സുരാജേട്ടന്റെ ഭാര്യയായാണ് അഭിനയിക്കുന്നത്. കോമഡി ജോണറിലുള്ള ഒരു ഫാമിലി സിനിമയായിരിക്കും അത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Gayathri Arun talks about her book achappam kadhakal