| Friday, 1st October 2021, 1:38 pm

വെറുതെ ഓരോന്ന് കുത്തിക്കുറിക്കും എന്നല്ലാതെ സാഹിത്യവുമായി എനിക്കൊരു ബന്ധവുമില്ല; വിശേഷങ്ങളുമായി ഗായത്രി അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായികയായ കഥാപാത്രമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഗായത്രിയ്ക്ക് സാധിച്ചു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഗായത്രി കാഴ്ചവെച്ചത്.

സ്വതസിദ്ധമായ അഭിനയമികവ് കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ ഗായത്രി ഇപ്പോള്‍ അച്ഛപ്പം കഥകള്‍ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിരിക്കുകയാണ്. തന്റെ ആദ്യ കാലത്തെ എഴുത്തുകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറക്കുന്നത്.

സ്‌കൂളിലും കോളേജിലുമൊക്കെ ഒരു എഴുത്തു മത്സരത്തില്‍ പോലും പങ്കെടുത്തിട്ടില്ല എന്നാണ് ഗായത്രി പറയുന്നത്.

‘ഞാന്‍ സ്വയം ഇതുപോലെ ഓരോന്ന് കുത്തിക്കുറിക്കും എന്നല്ലാതെ സാഹിത്യപരമായി ഒന്നും ചെയ്തിട്ടില്ല. ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇതുപോലെ ഓരോന്ന് എഴുതിയിടാറുണ്ടായിരുന്നു. അവിടുന്നാണ് എനിക്ക് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ കിട്ടിയത്.

സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ചേര്‍ന്നാണ് എഴുത്തിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചതും പുസ്തകമിറക്കാന്‍ സപ്പോര്‍ട്ട് തന്നതും.

എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ഏറ്റവുമധികം നന്ദി പറയേണ്ടത് എന്റെ സുഹൃത്ത് രാമാനന്ദിനോടാണ്. അദ്ദേഹത്തിന്റെ ‘ഖാന്തം അഥവാ കാന്തം’ എന്ന എഴുത്ത് വായിച്ചാണ് ഞാനും ഇത്തരത്തില്‍ എഴുതിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ സംസാരഭാഷയിലെഴുതിയ ശൈലിയാണ് എനിക്കേറ്റവും ഇഷ്ടമായത്,’ എന്നാണ് ഗായത്രി പറയുന്നത്.

ഇവരുടെ ഇത്തരത്തിലുള്ള പ്രോത്സാഹനമാണ് തനിക്ക് ഫേസ്ബുക്കില്‍ ഓരോന്ന് എഴുതിയിടാന്‍ പ്രചോദനമായതെന്നും അവിടെ നിന്നാണ് തന്റെ പുസ്തകം പുറത്തിറക്കാന്‍ ആലോചിച്ചതെന്നും  താരം കൂട്ടിച്ചേര്‍ത്തു.

‘രാമാനന്ദ് എഴുതിയ ഖാന്തം അഥവാ കാന്തം വായിച്ച് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ അച്ഛപ്പം കഥകള്‍ എഴുതുന്നത്. എഴുതിക്കഴിഞ്ഞ് രാമാനന്ദിന് അയച്ചു കൊടുത്തപ്പോള്‍ മികച്ചതായി എന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരുന്നു,’ ഗായത്രി പറഞ്ഞു.

ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലാണ് ഗായത്രി ഇനി അഭിനയിക്കുന്നത്. സിദ്ദിഖ്, ലെന എന്നിവരാണ് മറ്റു താരങ്ങള്‍. പൂര്‍ണമായും സിങ്ക് സൗണ്ടില്‍ ചിത്രീകരിക്കുന്ന കോമഡി ജോണറിലൊരുക്കുന്ന ഫാമിലി സിനിമയാവും അതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gayathri Arun about her earlier writings

We use cookies to give you the best possible experience. Learn more