| Thursday, 7th December 2023, 8:36 pm

മീശമാധവനിലെ സരസുവിന് കോംബോ രാഷ്ട്രീയമുണ്ട്; ജനം അറിഞ്ഞും അറിയാതെയും സ്വീകരിച്ചതുകൊണ്ടാണ് അത് വൈറലായത്: ഗായത്രി വർഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്ത കാരക്ടർ റോളുകളിലൂടെയും സീരിയലിലൂടെയും മലയാളിക്ക് സുപരിചിതയായ നടിയാണ് ഗായത്രി വർഷ. മീശമാധവനിലെ സരസു എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധയാണ് ഗായത്രിക്ക് നേടിക്കൊടുത്തത്. ചിത്രത്തിലെ സരസുവും പിള്ളേച്ചനും പട്ടാളം പുരുഷുവും തമ്മിലുള്ള കോംബോയെക്കുറിച്ച് റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗായത്രി.

മീശ മാധവൻ ഇറങ്ങിയിട്ട് ഇരുപത് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രേക്ഷകർ തന്റെ കഥാപാത്രത്തെ ഓർക്കാനുള്ള കാരണം ആ കോംബോയാണെന്നും ഗായത്രി പറഞ്ഞു.

മീശമാധവനിലെ സരസു അത്രയും പോപ്പുലറായി എന്ന അവതാരകയുടെ പ്രസ്താവനയോട് സരസു അത്രയും വൈറലായി എന്ന വാക്കാണ് ഉപയോഗിക്കേണ്ടതെന്ന് ഗായത്രി പറഞ്ഞു.

‘അത്രയും വൈറലാണ് സരസു എന്നതാണ് ഉപയോഗിക്കേണ്ടത്. ഒരു പോസിറ്റീവ് ആയിട്ടുള്ള കാര്യം വരുമ്പോൾ അതിനെ കുറച്ചു കാണിക്കുകയും ഇങ്ങനെയൊരു പൊളിറ്റിക്കൽ അറ്റാക്കിലാകുമ്പോൾ അത് വൈറൽ ആവുകയും അല്ല. ഇരുപത് വർഷമായി മീശമാധവൻ ഇറങ്ങിയിട്ട്.

20 വർഷമായിട്ടും ഇപ്പോഴും വൈറലായി നിൽക്കുന്ന കഥാപാത്രമാണ് സരസുവും പിള്ളേച്ചനും പട്ടാളം പുരുഷും കൂടെയുള്ള കോംബോ. അതിൽ ആരാണ് എന്ന് ചോദിക്കാനില്ല മൂന്നും ഒരു കോംബോയാണ്. ആ കോംബോയിൽ ജഗതി ചേട്ടന്റെ പിള്ളേച്ചൻ ഇല്ലെങ്കിൽ സരസു ഇല്ല, പട്ടാളം പുരുഷു ഇല്ലെങ്കിലും സരസു ഇല്ല.

ഈ കോംബോയിൽ ആണ് കഥാപാത്രം മുന്നോട്ട് പോകുന്നത്. അത് പ്രേക്ഷകർ ഏറ്റെടുത്തത് കൊണ്ടാണ്. സിനിമ ഇഷ്ടപെട്ടവരും സിനിമ കണ്ട് ഇഷ്ടപെട്ടവരും ആ കോംബോ ആക്റ്റിവിറ്റീസിനെ, കോംബോ എന്റർടൈൻമെന്റിനെ, കോംബോ രാഷ്ട്രീയത്തെ ഏറ്റെടുത്തവരാണ്. അതിൽ വലിയ രാഷ്ട്രീയമുണ്ട്. അങ്ങനെയൊരു കോംബോ രാഷ്ട്രീയമുണ്ട്.

ആ ഒരു രാഷ്ട്രീയത്തെ അതുപോലെ ജനം അറിഞ്ഞും അറിയാതെയും സ്വീകരിച്ചതുകൊണ്ടാണ് അത് വൈറലായത്. ഞാൻ പറഞ്ഞ സാംസ്കാരിക നയത്തിലും ആനുകാലിക സാമൂഹ്യ ചുറ്റുപാടുകളിൽ നമ്മുടെ ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്ന വലിയ ഘടകങ്ങളുണ്ട്. അത് ഉണ്ടെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് അതിങ്ങനെ വൈറലായത്,’ ഗായത്രി വർഷ പറഞ്ഞു.

Content Highlight: Gayathri about sarasu character in meeshamadhavan movie

We use cookies to give you the best possible experience. Learn more