ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നുള്ള കേന്ദ്രസര്‍ക്കാര്‍ വാദത്തെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരനെന്ന് പറഞ്ഞു നടന്നിട്ട് ഇതൊന്നും സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നില്ലല്ലോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
മോദിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ ഇപ്പോള്‍ ലഭ്യമായി കഴിഞ്ഞെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ മോദിക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
തൊഴിലുകള്‍ കാണാതാവുന്നു. സാമ്പത്തിക വളര്‍ച്ചയും ഇലാതായിരിക്കുന്നു. അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞ 15 ലക്ഷവും കാണാതായിരിക്കുന്നു. ഇപ്പോഴതാ റഫാല്‍ രേഖകളും കാണാതായിരിക്കുന്നു. എല്ലാം കാണാതാവുന്നതാണ് മോദി ഭരണം. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോന്നുന്നു.- രാഹുല്‍ പറഞ്ഞു.
റഫാലില്‍ അവസാനവട്ട കൂടിക്കാഴ്ചകള്‍ നടത്തിയത് പ്രധാനമന്ത്രിയാണെന്നാണ് രേഖകള്‍ പറയുന്നത്. ഇതില്‍ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതെല്ലാം യഥാര്‍ത്ഥ രേഖകള്‍ തന്നെയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാമല്ലോയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്നത് വേറെ കാര്യമാണ്. ആ രേഖയില്‍ എഴുതിവെച്ചത് നീതിയ്ക്ക് നിരക്കുന്ന കാര്യമാണോ എന്നതാണ് പ്രധാനം. നീതി നടപ്പിലാക്കുക എന്നത് കോടതിയുടേയും അതുപോലെ സര്‍ക്കാരിന്റേയും കടമയാണ്.
രേഖകള്‍ കാണാതായിരിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. അതിലൂടെ ഇതിന്റെ വിശ്വാസ്യതയാണ് ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടത്. എന്താണ് ഇനി സംശയം. ഇത് തന്നെയല്ലേ ഏറ്റവും വലിയ തെളിവ്. ഒരു ആരോപണവും ഇതിനേക്കാള്‍ വലുതായി എനിക്ക് പറയാനില്ല. സര്‍ക്കാരിന്റെ രേഖകള്‍ തന്നെ എല്ലാം പറയുന്നുണ്ട്.
നിങ്ങള്‍ക്ക് ആരുടെ മേലും എന്തുകുറ്റവും കെട്ടി വെക്കാം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അതേ നിയമം ബാധകമാണ്. ഇത്രയും പണം എവിടേക്കോ പോയി എന്നത് യാഥാര്‍ത്ഥ്യമാണ്. ആ പണം തിരിച്ചുവരേണ്ടതുണ്ട്.
ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് അതിന് തയ്യാറാകണം. രേഖകള്‍ സത്യമായിരിക്കുന്നിടത്തോളം കാലം മോദിക്കെതിരെയും അന്വേഷണം വേണം.
റഫാല്‍ കരാറില്‍ മോദി ഒരു ബൈപ്പാസ് സര്‍ജറി തന്നെയാണ് നടത്തിയത്. അനില്‍ അംബാനിക്ക് വേണ്ടി പല കാര്യങ്ങളിലും കാലതാമസം വരുത്തുകയായിരുന്നു. റഫാല്‍ വിമാനം വൈകിപ്പിച്ചത് മോദിയാണ്. മോദിയെ സംരക്ഷിക്കാനായി രാജ്യത്തെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
അദ്ദേഹം കുറ്റക്കാരനല്ലെങ്കില്‍ പിന്നെ എന്തിനാണ് പേടിക്കുന്നത്. തനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ലെന്ന് ചൂങ്കൂറ്റത്തോടെ ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ അദ്ദേഹം തയ്യാറാവുകയല്ലേ വേണ്ടത്?- രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.