| Wednesday, 11th December 2013, 10:47 am

സ്വവര്‍ഗരതി നിയമവിരുദ്ധം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ദല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി. വിഷയത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വവര്‍ഗരതി നിയമവിധേയമാണെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതിയുടെ ഉത്തരവോടെ റദ്ദായിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം തെറ്റല്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കാണിച്ച് 2009-ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരും അംഗീകരിച്ച ഈ വിധിക്കെതിരെ വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നാല് വര്‍ഷം മുമ്പാണ് സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കിക്കൊണ്ടുളള ഉത്തരവിട്ടത്. ഭരണഘടനയില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും സുപ്രീം കോടതി വിധിച്ചു.

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന 2009-ലെ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള 16 ഹരജികളിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

ജസ്റ്റിസ് ജി.എസ്. സിംഗ്‌വിയും എസ്.ജെ മുഖോപാധ്യയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി.

ഐ.പി.സി.സി സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം തന്നെയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

2009 ജൂലൈ രണ്ടിന് ദല്‍ഹി ഹൈക്കോടതിയാണ് സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും ഉത്ക്കല്‍ ക്രിസ്റ്റിയന്‍ കൊണ്‍സില്‍ തുടങ്ങിയ മതസംഘടനകളും ഉള്‍പ്പെടെയുള്ളവരായിരുന്നു ഹരജി സമര്‍പ്പിച്ചിരുന്നത്.

വിഷയത്തില്‍ 2012 ഫെബ്രുവരി മുതല്‍ എല്ലാദിവസവും വാദം കേട്ട കോടതി കഴിഞ്ഞ മാര്‍ച്ചില്‍ വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു.

We use cookies to give you the best possible experience. Learn more