| Tuesday, 1st February 2022, 11:26 am

ചൈനയുടെ അതിരുകടക്കുന്ന ഇന്റര്‍നെറ്റ് പൊലീസിങ്; സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പ് നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് മേല്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍.

ചൈനയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പ്, ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്തു. ഡേറ്റിങ് ആപ്പ് ഗ്രിന്‍ഡ്ര്‍ ആണ് വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം 1997ല്‍ ചൈനയില്‍ ഡീക്രിമിനലൈസ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിരുദ്ധമായി തന്നെ തുടരുകയാണ്.

ആപ്പിളിന്റെ ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും ഗ്രിന്‍ഡ്ര്‍ ആപ്പ് അതിന്റെ ഡെവലപ്പേഴ്‌സ് നീക്കം ചെയ്തതായി ആപ്പിള്‍ അറിയിച്ചു.

സംഭവത്തില്‍ ഗ്രിന്‍ഡ്ര്‍ ആപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വവര്‍ഗാനുരാഗികളുടെ പ്രണയം സിനിമകളില്‍ ചിത്രീകരിക്കുന്നതിന് ചൈനയില്‍ നിരോധനമുണ്ട്. വെബ് കണ്ടന്റുകള്‍ വലിയ രീതിയില്‍ സെന്‍സറിങ്ങിനും വിധേയമാക്കപ്പെടുന്നുണ്ട്.

ചൈനയില്‍ നിലവില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഭരണത്തിലിരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കണ്ടന്റുകള്‍ മാത്രമാണ് ഓണ്‍ലൈനില്‍ പ്രചരിക്കപ്പെടുന്നത്.

ഇതിന് പുറമെയാണ് ഇപ്പോള്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള ഇന്റര്‍നെറ്റ് പൊലീസിങ്ങിലേക്ക് ചൈനീസ് ഭരണകൂടം കടന്നിരിക്കുന്നത്.

നിലവില്‍ ചൈനയില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ ലഭ്യമല്ല.

കഴിഞ്ഞ വര്‍ഷം ചൈനയില്‍ സര്‍വകലാശാല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എല്‍.ജി.ബി.ടി.ക്യു റൈറ്റ് ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വീചാറ്റ് എന്ന മെസേജിങ് ആപ്പില്‍ നിന്നും ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.


Content Highlight: Gay dating app Grindr removed from app stores in China

We use cookies to give you the best possible experience. Learn more