| Friday, 20th July 2018, 5:41 pm

377ന് ശേഷമുള്ള 'ഗേ' ജീവിതം: കിഷോര്‍ കുമാര്‍ സംസാരിക്കുന്നു

ഷാരോണ്‍ പ്രദീപ്‌

ഐ.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഒരു സംഘം നല്‍കിയ ഹരജിയില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ 377 വീണ്ടും പുനപരിശോധിക്കാന്‍ തയ്യാറായിരിക്കുകയാണ് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നല്‍കുന്നത് ഈ നിയമം എടുത്ത് കളയും എന്നുള്ള കൃത്യമായ സൂചനകള്‍ തന്നെയാണ്.

കോടതിയുടെ നിരീക്ഷണങ്ങള്‍ക്കെതിരെ പല മതമൗലിക സംഘടനകളും, രാഷ്ട്രീയപ്രവര്‍ത്തകരും രംഗത്ത് വന്ന് കഴിഞ്ഞു. ഇതില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി മുതല്‍ സിറാജ് ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ വരെ ഉള്‍പ്പെടും.

വിമര്‍ശന സ്വരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഏത് വിധത്തിലാവും സെക്ഷന്‍ 377 എടുത്ത് കളയുന്നത് സ്വവര്‍ഗാനുരാഗികളായ മനുഷ്യരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരിക? കേവലം ഭരണഘടന നിര്‍മ്മിക്കുന്ന ഒരു പ്രശ്‌നം മാത്രമാണോ ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികള്‍ നേരിടുന്നത്.?

കേരളത്തിലെ എല്‍.ജി.ബി.ടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും, തന്റെ ഗേ സ്വത്വം ആദ്യമായി തുറന്ന് പറയുകയും ചെയ്ത കിഷോര്‍ കുമാര്‍ സംസാരിക്കുന്നു. “രണ്ട് പുരുഷന്‍ മാര്‍ ചുംബിക്കുമ്പോള്‍ – മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും” എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് കിഷോര്‍ കുമാര്‍. എല്‍.ജി.ബി.ടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന “ക്വിയറള” എന്ന സംഘടനയുടെ ബോര്‍ഡ് മെംബര്‍ കൂടിയാണിദ്ദേഹം.

Q. കോടതി “പ്രകൃതി വിരുദ്ധ” ലൈംഗികത കുറ്റകരമല്ലാതാക്കുന്നു എന്നതാണ് ഇപ്പോഴും ചര്‍ച്ചാവിഷയം. പ്രകൃതിക്ക് വിരുദ്ധമായത് എന്ന രീതിയില്‍ തന്നെയാണ് സ്വവര്‍ഗ്ഗാനുരാഗം ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. അത് കുറ്റകരമാണോ അല്ലയോ എന്നത് മാത്രമേ ചര്‍ച്ചയാവുന്നുള്ളൂ. സെക്ഷന്‍ 377 എടുത്ത് കളഞ്ഞാലും ഈ സമീപനത്തില്‍ മാറ്റമുണ്ടാവുമെന്ന് കരുതുന്നോ ?

A. 377 വകുപ്പ് “സ്വവര്‍ഗരതി” എന്ന് എടുത്തു പറയുന്നില്ല. ആണും പെണ്ണും തമ്മില്‍ “പ്രകൃതി വിരുദ്ധ” രതി (ലിംഗ-യോനി സുരതം അല്ലാതെ ശരീരത്തില്‍ പ്രവേശിപ്പിച്ചുള്ള എന്തും) ചെയ്താലും 377 അത് കുറ്റകൃത്യമായി കരുതുന്നു ഭരണകൂടത്തിന് കിടപ്പറക്കുള്ളില്‍ എത്തിനോക്കാന്‍ പഴുത് കൊടുക്കുന്ന ഈ നിയമം തികച്ചും അസംബന്ധമാണ്. സ്വവര്‍ഗാനുരാഗം പ്രകൃതിജന്യം ആണെന്നുള്ളത് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ഒരു കാര്യമാണ്. അതിനെല്ലാം മുന്നോടിയായി ചെയ്യേണ്ടത് സ്വവര്‍ഗരതി നിയമവിധേയം ആക്കുകയാണ്. കുറ്റകൃത്യം ആക്കുന്ന നിയമം നിലനില്‍ക്കുന്നിടത്തോളം കാലം ബോധവല്‍ക്കരണ പരിപാടികള്‍ ഫലപ്രദമായ രീതിയില്‍ ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ കോടതിയുടെ ഈ വിധി വളരെ സുപ്രധാനമാണ്.


ALSO READ: സ്വവര്‍ഗ്ഗാനുരാഗവും ഭാരതീയ പാരമ്പര്യവും മനുഷ്യാവകാശവും


Q. സെക്ഷന്‍ 377 ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു നിയമമാണ്. ഇത് എത്രത്തോളം സ്വവര്‍ഗാനുരാഗികളുടെ ജീവിതത്തെ ദുഷ്‌കരമാക്കുന്നുണ്ട് ? ഈ നിയമം ഒരു സുപ്രഭാതത്തില്‍ ഇല്ലാതായാല്‍ പരിഹരിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ വളരെ നിസ്സാരമായ ഒരു ശതമാനമല്ലേ?

A. ഈ നിയമം നിലനില്‍ക്കുന്നത് തന്നെയാണ് ഇന്ത്യയിലെ സ്വവര്‍ഗാനുരാഗികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത് ഇല്ലാതായാല്‍ മാത്രമേ അവര്‍ക്ക് തങ്ങളുടെ തന്മ, ബന്ധുക്കളോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവര്‍ മാനസിക സംഘര്‍ഷത്തിലും ആത്മഹത്യയിലും നാട്ടില്‍നിന്നുള്ള ഒളിച്ചോടലിലും നിര്‍ബന്ധപൂര്‍വമുള്ള വിവാഹത്തിലും എല്ലാം ചെന്നുപെടുന്നു. നിയമപരവും സാമൂഹ്യവുമായ അംഗീകാരം ഇല്ലാത്തതാണ്, സ്വവര്‍ഗലൈംഗികത മാറ്റിയെടുക്കാനായുള്ള ഫലപ്രദമല്ലാത്ത, ഹാനികരമായ മെഡിക്കല്‍ തെറാപ്പികള്‍ കേരളത്തില്‍ തഴച്ചു വളരാന്‍ കാരണം. നിയമം മാറ്റിയതിനു ശേഷം മാത്രമേ സ്വവര്‍ഗ പ്രണയികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന തരത്തിലുള്ള സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍ സാധ്യമാകൂ.

Q. ഇന്ത്യന്‍ സൈക്കോളിജിസ്‌റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം സ്വവര്‍ഗാനുരാഗം മാനസിക രോഗമല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രസ്താവന ഇറക്കി. കോടതി സെക്ഷന്‍ 377 റദ്ദ് ചെയ്യുമെന്ന് കേള്‍ക്കുന്നു. ഒരു സമയത്ത് LGBTQ Community ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്ന രണ്ട് വിഭാഗങ്ങളിൽ നിന്നാണ് ഇപ്പോള്‍ അംഗീകാരങ്ങള്‍ കിട്ടുന്നത്. ഇത്തരം മൂവ്‌മെന്റുകള്‍ ഏത് വിധത്തിലാണ് കേരളത്തിലെ സ്വവര്‍ഗാനുരാഗികളെ സ്വാധീനിക്കുക?. ജീവിത ശൈലിയില്‍ ഏത് വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

A. നിയമത്തിലെ മാറ്റങ്ങള്‍ക്കും മെഡിക്കല്‍ രംഗത്തിലെ മാറ്റങ്ങള്‍ക്കും ശേഷം വരേണ്ടത് സാംസ്‌കാരികമായ മാറ്റങ്ങളാണ്. സ്വത്വം രഹസ്യമാക്കി വച്ച് ജീവിക്കുന്ന സ്വവര്‍ഗ പ്രേമികള്‍ക്ക് സന്തോഷകരവും ആരോഗ്യകരവുമായ ലൈംഗികജീവിതമോ പ്രണയങ്ങളോ ഉണ്ടാവില്ല. സ്വവര്‍ഗാനുരാഗം നിയമവിധേയമാകുന്നതോടെ കാലക്രമേണ കൂടുതല്‍ സ്വവര്‍ഗാനുരാഗികള്‍ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവരാന്‍ തുടങ്ങും. അവര്‍ നിര്‍ബന്ധിത വിവാഹങ്ങളില്‍ ചെന്നുചാടി ഒന്നുമറിയാത്ത മറ്റൊരു വ്യക്തിക്ക് കൂടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഇല്ലാതാവും. അവര്‍ക്ക് ഭയമില്ലാതെ പ്രണയിക്കുവാനും ഒരുമിച്ച് ജീവിക്കുവാനും സാധിക്കും.


ALSO READ: ഹൈന്ദവവേദങ്ങളും, ശാസ്ത്രവും എതിര്‍ക്കുന്ന സ്വവര്‍ഗ്ഗരതി പ്രാകൃതമാണെന്ന് കാന്തപുരത്തിന്റെ സിറാജ് ദിനപത്രം


Q. സുബ്രഹ്മണ്യന്‍ സ്വാമിയെ പോലെയുള്ള മതപരമായും അല്ലാതെയും യാഥാസ്ഥിതികമായി നില്‍ക്കുന്നവര്‍ വാദിക്കുന്നത്, ഇന്ത്യന്‍ സംസ്‌കാരത്തിനും മതവിശ്വാസങ്ങള്‍ക്കും എതിരാണ് സ്വവര്‍ഗാനുരാഗം എന്നാണ്. ഇത്തരം വാദങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനം എന്താണെന്നാണ് കരുതുന്നത് ?

A. 377 വകുപ്പ് ബ്രിട്ടീഷുകാര്‍ അവരുടെ കോളനിയായ ഇന്ത്യയില്‍ 1861ല്‍ അടിച്ചേല്‍പ്പിച്ചതാണ്. വ്യത്യസ്തങ്ങളായ ലൈംഗികതകളെയും (Sexualities) ലിംഗത്വങ്ങളെയും (Genders) തുറന്ന മനസോടെ കാണുന്നതാണ് യഥാര്‍ത്ഥ ഭാരതീയ സംസ്‌കാരം. സെമിറ്റിക് മതങ്ങളായ ക്രിസ്തുമതത്തിലോ ഇസ്ലാംമതത്തിലോ കാണുന്നതുപോലെയുള്ള സ്വവര്‍ഗരതിയോടുള്ള കഠിനമായ എതിര്‍പ്പ് ഹിന്ദുമതത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ല എന്നതാണ് വാസ്തവം. സെമിറ്റിക് മതങ്ങളെ അനുകരിച്ച് ദൃഢമായ ചട്ടക്കൂടുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തീവ്രഹിന്ദുത്വമാണ്, ഇത് ഭാരതീയസംസ്‌കാരമല്ല എന്നൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കാലക്രമേണ എല്ലാ മതങ്ങളും വിശ്വാസികളായ സ്വവര്‍ഗപ്രേമികളെ അംഗീകരിക്കുമെന്നും മതപരമായ ചടങ്ങുകളോടെ സ്വവര്‍ഗവിവാഹം നടത്തിക്കൊടുക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.


ALSO READ: സ്വവര്‍ഗാനുരാഗത്തെ ‘ചികിത്സിച്ചുമാറ്റുന്ന’ സാക്ഷരകേരളം


Q. സെക്ഷന്‍ 377 സ്വവര്‍ഗാനുരാഗം കുറ്റവിമുക്തം ആക്കുന്നതെയുള്ളൂ. സ്വവര്‍ഗ്ഗ വിവാഹം, സ്വത്തവകാശം, കുടുംബം ഇത്തരം കാര്യങ്ങളില്‍ ഏത് വിധത്തിലുള്ള നീക്കമാണ് നിയമ സംവിധാനങ്ങള്‍ നടത്തേണ്ടത് ? അതിനായി അനുബന്ധ സംഘടനകള്‍ ഇപ്പോള്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ ?

A. ഏറ്റവും ആദ്യം വേണ്ടത് മുതിര്‍ന്നവരുടെ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കുകയാണ്. അതിനുശേഷം വേണ്ടത് ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍ക്ക് സ്‌കൂളുകള്‍, ജോലിസ്ഥലങ്ങള്‍, ഓഫീസുകള്‍, പാര്‍പ്പിടങ്ങള്‍, മറ്റ് പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ വിവേചനം നേരിടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള നടപടികളാണ്. ഭരണകൂട അംഗീകാരമുള്ള സ്വവര്‍ഗവിവാഹമൊക്കെ വരുന്നതിന് പിന്നെയും സമയമെടുക്കും. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളിലെ എല്‍.ജി.ബി.ടി സംഘടനകളായിരിക്കും ആ നിയമപോരാട്ടത്തിന് മുന്‍കൈ എടുക്കുന്നത്. സ്വവര്‍ഗവിവാഹം നിയമ വിധേയമാക്കുന്നതിന് മുന്‍പ് പൊതുജനങ്ങള്‍ തങ്ങളുടെ സൗഹൃദവലയങ്ങളില്‍ തന്നെ ഒറ്റയ്ക്കും ദമ്പതികളായുമെല്ലാം ജീവിക്കുന്ന സ്വവര്‍ഗപ്രേമികളെ കണ്ടു ശീലിക്കേണ്ടതുണ്ട്. ദൃശ്യത(Visibility) വളരെ പ്രധാനമാണ്. നിയമ വിവാഹം (Legal Marriage) വരുന്നതിന് മുന്‍പുതന്നെ സ്വവര്‍ഗപ്രേമികള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശീര്‍വാദത്തോടെയുള്ള സാംസ്‌കാരിക വിവാഹം (Cultural Marriage) നടത്താവുന്നതാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആശങ്കകളും മാറ്റിയെടുക്കുന്നതില്‍ എഴുത്തിലൂടെയും സിനിമ, ടിവി തുടങ്ങിയ ജനകീയ മാധ്യമങ്ങളിലൂടെയുമുള്ള പോസിറ്റീവ് ദൃശ്യത വലിയൊരു പങ്ക് വഹിക്കുന്നു.




ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more