| Tuesday, 27th June 2023, 4:40 pm

ഗുണ്ടോഗന്‍ ക്ലബ്ബിലെത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബാഴ്‌സലോണ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഇല്‍ക്കെ ഗുണ്ടോഗനെ ബാഴ്‌സലോണ സ്വന്തമാക്കിയത്. ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബിലെത്തിയ താരത്തെ രണ്ട് വര്‍ഷത്തെ കരാറിലാണ് ബാഴ്‌സലോണ സൈന്‍ ചെയ്യിച്ചത്. ഇരുകൂട്ടരുടെയും താത്പര്യത്തിനനുസരിച്ച് വേണമെങ്കില്‍ 2026 വരെ കരാര്‍ നീട്ടാനും അവസരമുണ്ട്.

ഗുണ്ടോഗനെ ക്ലബ്ബിലെത്തിച്ചതില്‍ ബാഴ്‌സയുടെ യുവതാരം ഗാവിക്ക് അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗുണ്ടോഗന്റെ പ്രവേശനത്തോടെ തന്റെ അവസരം കുറയുമോയെന്നും പരിശീലകന്‍ സാവി തന്നെ ബെഞ്ചിലിരുത്തുമോ എന്നുമാണ് ഗാവിയുടെ ആശങ്കകള്‍ എന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രങ്കി ഡി ജോങ്ങിനും പെഡ്രിക്കുമൊപ്പം ഗുണ്ടോഗന്‍ മധ്യനിരയില്‍ ഇടം പിടിക്കുമെന്നും വരാനിരിക്കുന്ന സീസണില്‍ തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നുമുള്ള കാര്യത്തില്‍ ഗാവി ഉത്കണ്ഠ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഗുണ്ടോഗന്‍ ബാഴ്‌സയിലെത്തുന്നത്. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ ട്രെബിള്‍ എന്ന അപൂര്‍വം നേട്ടം കൊയ്യാന്‍ ഇത്തവണ മാന്‍ സിറ്റിക്ക്  സാധിച്ചിരുന്നു.

പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് കിരീടങ്ങളിലും മുത്തമിടാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. നിര്‍ണായക സമയത്ത് ഗോളടിച്ചും കളി നിയന്ത്രിച്ചും ടീമിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

2016ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കൊപ്പം 14 കിരീട നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ താരത്തിന് സാധിച്ചു.

അഞ്ച് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള ഗുണ്ടോഗന്റെ നേട്ടം.

Content Highlights: Gavi is unhappy with Gundogan’s arrival to Barcelona

We use cookies to give you the best possible experience. Learn more