ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് ടീം സ്‌പെയ്ന്‍ കാഴ്ച വെച്ചത്. കോസ്റ്ററിക്കക്കെതിരെ ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയ്‌നിന്റെ ജയം. പുതുമുഖങ്ങളായ കളിക്കാരാണെങ്കിലും വേറിട്ട ശൈലിയില്‍ ആവേശം കൊള്ളിക്കുന്ന പെര്‍ഫോമന്‍സായിരുന്നു സ്‌പെയ്ന്‍ സമ്മാനിച്ചത്.
ആയിരത്തിലധികം പാസുകളുമായി കളം നിറഞ്ഞ് കളിച്ച സ്പാനിഷ് ഫുട്ബാളില്‍ തിളങ്ങി നിന്നത് പാബ്ലോ മാര്‍ട്ടിന്‍ പേസ് ഗവിറ എന്ന ഗാവിയായിരുന്നു. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോള്‍ സ്‌കോറര്‍ ആണ് ഗാവി. ആദ്യ മത്സരത്തിന് ശേഷം നിരവധിയാളുകളാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് വാചാലനാവുകയാണ് കോച്ച് എന്റിക്വ്. ഗാവിക്ക് ഒരു യുഗം അടയാളപ്പെടുത്താനുള്ള കഴിവുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് എന്റിക്വ് പറഞ്ഞത്.
‘എനിക്ക് അവനെ വര്‍ഷങ്ങളായി അറിയാം. തന്റെ 18ാം വയസില്‍ തന്നെ അത്തരമൊരു ടൂര്‍ണമെന്റില്‍ കളിക്കുക എന്നത് അത്ഭുതാവഹമാണ്. അവന്റെ വിവേകവും പൊസിഷനിങ്ങും, വ്യക്തിത്വ മികവുമെല്ലാം എടുത്തു പറയേണ്ടതാണ്.
ഗാവി നന്നായി കളിക്കുന്നുണ്ട്, നന്നായി പരിശീലിക്കുന്നുമുണ്ട്. ടീമില്‍ ഇതുപോലെ ഡൈനാമിക് ആയ താരം ഉണ്ടാകുന്നത് എല്ലാവര്‍ക്കും ഗുണം ചെയ്യും,’ എന്റിക്വ് വ്യക്തമാക്കി.
അതേസമയം കോസ്റ്ററിക്കക്കെതിരായ സ്‌പെയ്‌നിന്റെ മത്സരം സ്‌പെയ്‌നിന്റെ ഭാവി യുവതാരങ്ങളില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു. സ്‌പെയിനിന്റെ സുവര്‍ണ തലമുറയിലെ മധ്യനിരയിലെ ഇതിഹാസങ്ങളായ സാവി-ഇനിയേസ്റ്റ സഖ്യത്തിന് സമാനമായ പ്രകടനമാണ് ഗാവി- പെഡ്രി സഖ്യം പുറത്തെടുത്തത്.
മത്സരത്തില്‍ 152 പാസുകളാണ് പെഡ്രിയും ഗാവിയും തമ്മില്‍ നടന്നത്. 1962ന് ശേഷം ആദ്യമായാണ് സ്പാനിഷ് ടീമില്‍ 2 കൗമാരതാരങ്ങളുടെ സഖ്യം ആദ്യ ഇലവനില്‍ വരുന്നത്.
Content Highlights: Gavi can be a player who will mark an era, says Spain manager Luis Enrique