| Monday, 13th May 2019, 12:30 pm

ബി.ജെ.പി അനുഭാവ സംഘടനകള്‍ക്ക് താന്‍ കോണ്‍ഗ്രസിനെക്കാള്‍ അഞ്ചിരട്ടിയിലധികം സാമ്പത്തിക സഹായം നല്‍കി; സാക്കിര്‍ നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമോ ശത്രുതയോ വെച്ചു പുലര്‍ത്തുന്നില്ലെന്ന് സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്. കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് താന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും, താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നെന്ന മോദിയുടെ വാദം തെറ്റാണെന്നും നായിക് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഞാന്‍ ക്ലാസുകളെടുക്കാന്‍ പോയിട്ടുണ്ട്, അതു പോലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ഇസ്‌ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ്. ആശുപത്രികളും വിദ്യാലയങ്ങളും നിര്‍മിക്കാന്‍ വിവിധ എന്‍.ജി.ഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഞങ്ങള്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്’- നായിക് പറയുന്നു.

ഇത്തരത്തിലുള്ള ഒരു പരിപാടിയുടെ ഭാഗമായി രാജീവ് ഗാന്ധി ചാരിറ്റബള്‍ ട്രസ്റ്റിന് ഐ.ആര്‍.എഫ് 50 ലക്ഷം നല്‍കിയെന്നും, എന്നാല്‍ വിശദീകരണം നല്‍കാതെ ട്രസ്റ്റ് ഈ പണം തങ്ങള്‍ക്ക് തിരിച്ചു നല്‍കുകയുമായിരുന്നെന്ന് നായിക് പറയുന്നു.

‘ബി.ജെ.പിയുടെ കീഴില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് ഞങ്ങള്‍ ഇതിലും വലിയ സംഭാവനകള്‍ നല്‍കിയെന്ന വസ്തുത ആളുകള്‍ മറക്കുന്നു. അവര്‍ അതൊരിക്കലും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങള്‍ 2007, 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ സെമിനാര്‍ നടത്തിയ സൊമെയ ട്രസ്റ്റിന് മില്ല്യന്‍ കണക്കിന്‍ രൂപയാണ് നല്‍കിയത്. അത് ബി.ജെ.പിയുടെ കീഴിലായിരിക്കാം. എന്നാല്‍ അതും ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ആയിരുന്നു. ഞാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നയാപൈസ നല്‍കിയിട്ടില്ല’- നായിക് പറയുന്നു.

കോണ്‍ഗ്രസിന് കീഴില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്ക് നല്‍കിയതിന്റെ അഞ്ചിരട്ടി താന്‍ ബി.ജെ.പിയുടെ അധീനതയിലുള്ള സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ തന്നെക്കുറിച്ച് അന്വേഷണം നടക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാറായിരുന്നു അധികാരത്തിലെന്നും, അതിനാല്‍ അവരെ ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചു വെച്ച് താന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് മാധ്യമങ്ങളെ ധരിപ്പിക്കുകയായിരുന്നെന്നും നായിക് കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more