രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് നല്‍കിയതെന്നും അന്വേഷണ സംഘത്തോട് മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനാണെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു നേരത്തേ പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ രണ്ടുതവണ മാത്യു തനിക്കു സയനൈഡ് നല്‍കിയെന്നാണ് ജോളി പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതോടെയാണ് പൊലീസ് ഇതില്‍ വ്യക്തത തേടിയത്. പ്രജികുമാറിനു പുറമേ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു.
കൂടത്തായി കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിയിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് അമേരിക്കയില്‍ നിന്ന് ഇന്നു പുലര്‍ച്ചെ റോജോ നാട്ടിലെത്തിയത്.
ഇന്നു പുലര്‍ച്ചെ നാലുമണിക്ക് ദുബായ് വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിച്ചു.
റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് ഷാജുവിന് നോട്ടീസ് കൈമാറിയിരുന്നു. മൂന്നാംവട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.
ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ്.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യലും ഇന്നു തുടരും.
കൂടാതെ പൊന്നാമറ്റം വീട്ടില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിഷ ശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.