തനിക്കെതിരെയുള്ളത് കള്ളക്കേസ്: കേസ് റദ്ദാക്കണം; ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു
Kerala News
തനിക്കെതിരെയുള്ളത് കള്ളക്കേസ്: കേസ് റദ്ദാക്കണം; ഗവാസ്‌ക്കര്‍ ഹൈക്കോടതിയെ സമീപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2018, 1:24 pm

കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ തനിക്കെതിരായെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു.

തനിക്കെതിരായ കേസ് കള്ളക്കേസാണെന്നും പരാതി നല്‍കിയതിന് പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്നും ഗവാസ്‌ക്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.

കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു


Also Read ഔറംഗസേബിന്റെ ജീവത്യാഗം വെറുതെയാകില്ലെന്ന് ആര്‍മി ചീഫ്; ജവാന്റെ വസതി സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍


എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെയും കേസുകൊടുത്തത്. ഇതിന് പിന്നാലെ ഗവാസ്‌ക്കറിനെതിരെ അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

എ.ഡി.ജി.പിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. ഗവാസ്‌ക്കറുടെ പരാതി ശരിവെക്കുന്നതായിരുന്നു മെഡിക്കല്‍ പരിശോധ ഫലവും. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതഞ്ഞുവെന്ന് പരിശോധനയിലും വ്യക്തമായിരുന്നു.