തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസ് ഡ്രൈവര്‍ ഗാവസ്‌കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവ്. സ്‌കാനിംഗ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
കഴുത്തിന് പിറകില്‍ എ.ഡി.ജി.പിയുടെ മകള്‍ ഫോണുകൊണ്ട് ഇടിച്ചെന്നായിരുന്നു ഗാവസ്‌കറുടെ പരാതി. ഇത് ശരിവെക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
അതേസമയം പൊലീസിലെ ദാസ്യപ്പണി വാര്‍ത്തയായ സാഹചര്യത്തില്‍ ഡി.ജി.പി അടിയന്തിരയോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. സംസ്ഥാന പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുമായാണ് ഡി.ജി.പിയുടെ യോഗം.
നേരത്തെ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഡ്രൈവര്‍ ഗവാസ്‌കറാണ് പരാതി നല്‍കിയത്. ഇന്നലെ രാവിലെ എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ അടിച്ചെന്നുമാണ് പരാതി.
WATCH THIS VIDEO: