| Monday, 12th June 2023, 11:59 am

എന്നോടാണോ ചോദിക്കുന്നത്? അവനോട് ചോദിക്കൂ; തോല്‍വിക്ക് പിന്നാലെ വിരാടിനെ വലിച്ചുകീറി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കൂടി ഇന്ത്യ പടിക്കല്‍ കലമുടച്ചിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനോട് 209 റണ്‍സിന്റെ പടുകൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

മത്സരത്തിന്റെ നാലാം ദിവസം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാലാം ദിവസം തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും നാലാം ദിവസം തന്നെ തിരികെ കൂടാരം കയറിയപ്പോള്‍ വിരാട് കോഹ്‌ലിയുടെയും അജിന്‍ക്യ രഹാനെയുടെയും ചെറുത്ത് നില്‍പ് മാത്രമാണ് നാലാം ദിവസം ഇന്ത്യക്ക് തുണയായത്.

മികച്ച രീതിയില്‍ പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയ ഇരുവരും അവസാന ദിവസം ക്രീസില്‍ പിടിച്ചുനിന്നാല്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് വിരാട് തുടക്കത്തിലേ പുറത്താവുകയായിരുന്നു.

അവസാന ദിവസത്തെ ആദ്യ സെഷന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെയായിരുന്നു വിരാട് പുറത്തായത്. സ്‌കോട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

78 പന്തില്‍ നിന്നും 49 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ വിരാടിന്റെ സമ്പാദ്യം.

View this post on Instagram

A post shared by ICC (@icc)

ഇപ്പോള്‍ വിരാടിന്റെ പുറത്താവലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായി സുനില്‍ ഗവാസ്‌കര്‍. മത്സരശേഷമായിരുന്നു ഗവാസ്‌കര്‍ വിരാടിന്റെ ഷോട്ട് സെലക്ഷനെ നിശിതമായി വിമര്‍ശിച്ചത്.

‘അത് വളരെ മോശം ഷോട്ടായിരുന്നു, വെറും സാധാരണ ഷോട്ട്. നിങ്ങള്‍ അതിനെ കുറിച്ച് എന്നോടാണോ ചോദിക്കുന്നത്? എനിക്ക് തോന്നുന്നത് നിങ്ങള്‍ ഈ ചോദ്യം വിരാട് കോഹ്‌ലിയോട് ചോദിക്കണമെന്നാണ്. എന്ത് തരത്തിലുള്ള ഷോട്ട് ആണത്? ഓഫ് സ്റ്റംപിന് പുറത്ത് നിന്നുള്ള ഷോട്ടായിരുന്നു അത്.

ഒരു മാച്ച് വിജയിക്കണെങ്കില്‍ ലോങ് ഇന്നിങ്‌സിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് നമ്മള്‍ ഒരുപാട് പ്രാവശ്യം ചര്‍ച്ച ചെയ്തതാണ്. ഒരു സെഞ്ച്വറി പ്ലസ് ഇന്നിങ്‌സാണ് നിങ്ങള്‍ക്ക് വേണ്ടത്.

ഔട്ട് സൈഡ് ഓഫ് സ്റ്റംപിന് പുറത്ത് ഇത്തരത്തിലുള്ള ഷോട്ട് കളിക്കാനാണ് മുതിരുന്നതെങ്കില്‍ പിന്നെ നിങ്ങള്‍ എങ്ങനെയാണ് ഒരു സെഞ്ച്വറി പ്ലസ് ഇന്നിങ്‌സ് കളിക്കുക,’ ഗവാസ്‌കര്‍ പറഞ്ഞു.

Content highlight: Gavaskar slams Virat Kohli’s shot selection

We use cookies to give you the best possible experience. Learn more