ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകനായ എം.എസ്. ധോണി. ലോക ക്രിക്കറ്റില്‍ തന്റെ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം നേടാത്തതായി ഒന്നുമില്ല എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം അവസാനമായി ഒരു ഐ.സി.സി ട്രോഫി നേടിയത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യ അവസാനമായി കപ്പുയര്‍ത്തിയത്.
ഇന്ത്യന്‍ ടീമിന്റെ ഈ ട്രോഫി ക്ഷാമത്തെ എന്നും വിമര്‍ശിക്കുന്നയളാണ് ഇന്ത്യയുടെ ഇതിഹാസ താരമയ സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. പ്രഥമ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യ തോറ്റതെങ്കില്‍ രണ്ടാമത്തേതില്‍ ഓസീസിനോടായിരുന്നു ഇന്ത്യയുടെ തോല്‍വി.
ഇന്ത്യന്‍ ടീമിന്റെ ചില രീതികളാണ് ടീമിനെ ഐ.സി.സി കിരീടം നേടുന്നതില്‍ നിന്ന് തടുത്തുനിര്‍ത്തുന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലെ നായകന്മാര്‍ക്ക് എത്ര തോറ്റാലും സ്ഥാനം നഷ്ടമാവുന്നില്ല. സൂപ്പര്‍ താരങ്ങള്‍ക്ക് എപ്പോഴും ടീമില്‍ സീറ്റുറപ്പാണെന്നും പറഞ്ഞ ഗവാസ്‌കര്‍ എം.എസ് ധോണിയെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ധോണിക്ക് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി തോറ്റപ്പോഴും നായകനെ മാറ്റാന്‍ തയ്യാറായില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
‘ടീം തോറ്റാലും ജയിച്ചാലും ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്റെ സീറ്റ് നഷ്ടമാവില്ല. ഇത് സമീപകാലത്തായി ടീമിലെ പതിവാണ്. 2011 മുതലാണ് ഈ രീതി ഇന്ത്യന്‍ ടീമില്‍ കാണുന്നത്. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും 4-0ന് ഇന്ത്യ തോറ്റപ്പോഴും ക്യാപ്റ്റനെ മാറ്റാന്‍ തയ്യാറായില്ല’- ഗവാസ്‌കര്‍ പറഞ്ഞു. ധോണി നേരത്തെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയണമായിരുന്നുവെന്ന് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുകയാണ്.
2011-12ലാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ടത്. 2014ലാണ് ധോണി ടെസ്റ്റ് നായകസ്ഥാനമൊഴിയുന്നത്. പകരം വിരാട് കോഹ്‌ലി ഇന്ത്യയുടെ നായകനാവുകയും ചെയ്തു. വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്ട്രേലിയയില്‍ നേടി. കോഹ്‌ലിക്ക് കീഴില്‍ ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടീമിനെയെത്തിക്കാനും കോഹ്‌ലിക്ക് സാധിച്ചു.
എന്നാല്‍ കിരീടത്തിലെത്തിക്കാന്‍ വിരാടിനും പിന്നീട് വന്ന രോഹിത് ശര്‍മക്കും സാധിച്ചില്ല. ഇത്തവണ ഏകദിന ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണ് ടീമിനും ആരാധകര്‍ക്കുമുള്ളത്. 2011ന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പായിരിക്കു ആ വര്‍ഷത്തേത്.
Content Highlight: Gavaskar Says captains have special privilege in Indian Team