| Monday, 17th July 2023, 8:30 pm

എന്തൊക്കെ മണ്ടത്തരമാണ് കാണിച്ചതെന്ന് ബി.സി.സി.ഐയും സെലക്ടേഴ്‌സും സ്വയം ചോദ്യം ചെയ്യണം; ആഞ്ഞടിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ഐ.സി.സി ട്രോഫി നേട്ടമെന്ന മോഹം ഡബ്ല്യു.ടി.സി ഫൈനലിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലായിരുന്നു. ഓസ്‌ട്രേലിയയോട് ഇംഗ്ലണ്ടിലെ ഓവലില്‍ വെച്ച് 209 റണ്‍സിന് തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.

സ്റ്റീവ് സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും സെഞ്ച്വറിയുടെയൊപ്പം ഓസീസ് ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ തകരുകയായിരുന്നു. ഇന്ത്യക്കായി അജിന്‍ക്യ രഹാനെ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരൊഴികെ ആരും കാര്യമായ പ്രകടനം നടത്തിയില്ല.

ഇന്ത്യയുടെ തോല്‍വിയില്‍ നിന്നും ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍ ഇനിയും കര കയറിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സ്റ്റേറ്റ്‌മെന്റില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. ബി.സി.സി.ഐ.യും സെലക്റ്റര്‍മാരും സ്വയം ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് ഇന്ത്യ ആദ്യം ബൗള്‍ എടുത്തതെന്നും ഹെഡിനെതിരെ എന്താണ് ഷോര്‍ട്ട് ബോള്‍ ടാക്റ്റിക്‌സ് ഉപയോഗിക്കാത്തതും എന്നാണ് അദ്ദേഹം പറയുന്നത്.

‘സെലക്ടര്‍മാരും ബോര്‍ഡും സ്വയം ചോദിക്കണം, ‘നിങ്ങള്‍ എന്തിനാണ് ആദ്യം ഫീല്‍ഡ് ചെയ്തത്?. ശരി ടോസിടുമ്പോള്‍ ഓവര്‍കാസ്റ്റായതുകൊണ്ടാണെന്ന് വിശദീകരിച്ചു. ഷോര്‍ട്ട് ബോളിനെതിരെ ട്രാവിസ് ഹെഡിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലായിരുന്നൊ എന്നതായിരിക്കണം അതിനു ശേഷമുള്ള ചോദ്യം? ‘ ഗവാസ്‌കര്‍ ഇന്ത്യന്‍ എക്സ്പ്രസ് ഐഡിയ എക്സ്ചേഞ്ചില്‍ പറഞ്ഞു.

ഹെഡ് 80 റണ്‍സ് നേടിയപ്പോള്‍ മാത്രമാണോ ബൗണ്‍സര്‍ പ്രയോഗിക്കാന്‍ തോന്നിയത്? ഹെഡ് ബാറ്റ് ചെയ്യാന്‍ വന്ന നിമിഷം മുതല്‍, കമന്ററി ബോക്‌സില്‍, ‘അവനെതിരെ ബൗണ്‍സ് ചെയ്യൂ, അവനെതിരെ ബൗണ്‍സ് ചെയ്യൂ’ എന്ന് റിക്കി പോണ്ടിങ് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ ഞങ്ങള്‍ ശ്രമിച്ചില്ല. ഞാന്‍ കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്നെങ്കില്‍, ഒരു ഇന്ത്യന്‍ കളിക്കാരന്റെ ദൗര്‍ബല്യത്തെക്കുറിച്ച് ഞാന്‍ ആരോടും പറയില്ല. ഇവിടെയാണ് സെലക്ഷന്‍ കമ്മിറ്റി ക്യാപ്റ്റനെയും പരിശീലകനെയും വിളിച്ച് ‘ഹലോ, എന്താണ് സംഭവിച്ചത്’ എന്ന് ചോദിക്കേണ്ടത്,’ ഗവാസ്‌കര്‍ പറഞ്ഞു.

മത്സരം ശേഷം ഇന്ത്യന്‍ ടീം മതിയായ വിശ്രമം ലഭിച്ചില്ലെന്നും മത്സരത്തിന് വേണ്ട തയ്യാറെടുക്കാന്‍ സാധിച്ചില്ലെന്നുമൊക്കെ ആരോപിച്ചിരുന്നു. എന്തായാലും ഒരു ഐ.സി.സി കിരീട നേട്ടത്തിന് ഇന്ത്യന്‍ ടീമിന് ഇനിയും കാത്തിരിക്കണം. 2013ല്‍ ധോണിയുടെ കീഴില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐ.സി.സി ട്രോഫി.

Content Highlight: Gavaskar says BCCI and Selectors ask Questions after WTC final Lose

We use cookies to give you the best possible experience. Learn more