ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വലിയ ഫാനാണ് മുന്‍ ഓപ്പണറായ സുനില്‍ ഗവാസ്‌കര്‍. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍, ഇരട്ട സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് നേടിയതോടെ ഗില്ലിനെ അഭിനന്ദിച്ച് ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. രണ്ടാം ഏകദിനത്തിലെ വിജയത്തിലും നിര്‍ണായക പങ്ക് വഹിക്കാന്‍ ഗില്ലിനായിരുന്നു. 53 പന്തില്‍ 40 റണ്‍ നേടി കളി തീരും വരെ ഗില്‍ ക്രീസിലുണ്ടായിരുന്നു.
റായ്പൂരില്‍ നടന്ന മത്സരത്തിന് പിന്നാലെ ഗില്ലിന് പുതിയ ഓമനപ്പേരിട്ടിരിക്കുകയാണ് ഗവാസ്‌കര്‍. ഓപ്പണറായി ഇറങ്ങുന്നതിന്റെ യാതൊരു സമ്മര്‍ദ്ദമില്ലാത്ത ഗില്ലിന്റെ ബാറ്റിങ്ങിലെ അനായാസതയെ റഫര്‍ ചെയ്ത് സ്മൂത്ത്മാന്‍ ഗില്‍ (smoothman gill) എന്നാണ് ഗവാസ്‌കര്‍ വിളിച്ചത്.
കളിക്ക് ശേഷമുള്ള അഭിമുഖത്തില്‍ വെച്ചായിരുന്നു ഗവാസ്‌കര്‍ പുതിയ ഓമനപ്പേരുമായി വന്നത്. ‘ ഞാന്‍ നിനക്കൊരു പുതിയ പേര് നല്‍കാന്‍ പോവുകയാണ്. സ്മൂത്ത്മാന്‍ ഗില്‍. നിനക്ക് പ്രശ്‌നമൊന്നുമില്ലല്ലോ?’ ഗവാസ്‌കര്‍ പറഞ്ഞു. പേര് കേട്ട് ഒരു നാണത്തോടെ ചിരിച്ചതിന് ശേഷം എനിക്കൊരു പ്രശ്‌നവുമില്ല സാര്‍ എന്നാണ് ഗില്‍ പറഞ്ഞത്. ഇന്ത്യന്‍ ഇന്നിങ്‌സിനിടയില്‍ കമന്ററി ബോക്‌സിലിരുന്നും പല പ്രാവശ്യം ഗവാസ്‌കര്‍ ഈ പേര് ആവര്‍ത്തിച്ചിരുന്നു.
റായ്പൂരില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ ആധികാരിക വിജയത്തോടെയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
കിവികള്‍ ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ ഇന്ത്യക്ക് മറികടക്കാനായി. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ടീം ഇന്ത്യക്ക് തുണയായത്. 34.3 ഓവറില്‍ ന്യൂസിലാന്‍ഡിനെ 108 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യയുടെ ബൗളേഴ്‌സ് കളം നിറഞ്ഞാടിയത്.
മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും കുല്‍ദീപ് യാദവും കിവികളെ എറിഞ്ഞിട്ടു.