| Monday, 8th May 2023, 6:33 pm

ശൂ.. ശൂ.. ഗവാസ്‌കര്‍ ഭായി ആള് മാറി; ഗവാസ്‌കറിനെ ട്രോളി ഷമിയും മോഹിത്തും, വീണിടം വിദ്യയാക്കി ക്രിക്കറ്റ് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 56 റണ്‍സിനായിരുന്നു റെയ്‌നിങ് ചാമ്പ്യന്‍മാര്‍ ലഖ്‌നൗവിനെ തകര്‍ത്തുവിട്ടത്.

വൃദ്ധിമാന്‍ സാഹയുടെയും ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഗുജറാത്ത് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഈ റണ്‍മല പിന്തുടര്‍ന്നിറങ്ങിയ ക്രുണാലിനെയും സംഘത്തെയും മോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ എറിഞ്ഞിട്ടാണ് ജി.ടി വിജയം പിടിച്ചടക്കിയത്.

നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മോഹിത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ വിക്കറ്റ് നേടിയതിന് പിന്നാലെ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ മുഹമ്മദ് ഷമിക്ക് സാധിച്ചിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഷമി പര്‍പ്പിള്‍ ക്യാപ് സ്വീകരിക്കുന്നതിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സുനില്‍ ഗവാസ്‌കറായിരുന്നു പര്‍പ്പിള്‍ ക്യാപ് വിന്നറുടെ പേര് പ്രഖ്യാപിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഷമിയുടെ പേര് പറയേണ്ടതിന് പകരം ഗവാസ്‌കര്‍ മോഹിത് ശര്‍മയുടെ പേര് പറയുകയും അഭിന്ദിക്കുകയുമായിരുന്നു.

‘പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയതില്‍ ഒരുപാട് അഭിന്ദനങ്ങള്‍ മോഹിത്. മോഹിത്തിനിതാ മുഹമ്മദ് ഷമി പര്‍പ്പിള്‍ ക്യാപ് സമ്മാനിക്കുന്നു,’ എന്നാണ് ഗവാസ്‌കര്‍ അനൗണ്‍സ് ചെയ്തത്.

എന്നാല്‍ താനല്ല പര്‍പ്പിള്‍ ക്യാപ്പ് വിന്നറെന്നും. താനിവിടെ യഥാര്‍ത്ഥ വിന്നറിന് പര്‍പ്പിള്‍ ക്യാപ് നല്‍കാന്‍ വേണ്ടിയാണ് എത്തിയതെന്നുമായിരുന്നു മോഹിത്തിന്റെ മറുപടി.

‘അഭിനന്ദങ്ങള്‍ക്ക് ഒരുപാട് നന്ദി പാജി. പക്ഷേ ഞാനിത് (പര്‍പ്പിള്‍ ക്യാപ്) ഷമിക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഇവിടെയെത്തിയത്. ഞാനല്ല പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡര്‍, അങ്ങേയ്ക്ക് ആളെ മാറിപ്പോയി,’ മോഹിത് ശര്‍മ മറുപടി നല്‍കി.

തന്റെ അബദ്ധം മനസിലാക്കിയ ഗവാസ്‌കര്‍ എതിര്‍ ടീം ബാറ്റര്‍മാരെ പോലെ തനിക്കും ബൗളര്‍മാരെ മാറിപ്പോയെന്ന് പറയുകയായിരുന്നു.

‘ഓഹ്, മാറിപ്പോയോ? ഇത് തന്നെയാണ് സംഭവിക്കുന്നത്. രണ്ട് ന്യൂ ബോള്‍ ബൗളേഴ്‌സ് ഉണ്ടാകുമ്പോള്‍ ഓപ്പണര്‍ ബാറ്റര്‍ എപ്പോഴും ആശയക്കുഴപ്പത്തിലാകും, എനിക്കും ഇതുപോലെ മാറിപ്പോയി,’ ഗവാസ്‌കര്‍ പറഞ്ഞു.

മൂവരുടെയും തമാശ നിറഞ്ഞ ഈ സെഗ്മെന്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ലഖ്‌നൗവിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനും ടൈറ്റന്‍സിനായി. 11 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റാണ് ടൈറ്റന്‍സിനുള്ളത്.

Content Highlight: Gavaskar hails Mohit instead of Shami for getting purple cap; Pacers’ reaction goes viral

We use cookies to give you the best possible experience. Learn more