| Tuesday, 8th March 2022, 1:20 pm

അവതാരകന്‍ എന്നോട് ആ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു; വോണിന്റെ മരണത്തിന് പിന്നാലെയുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദവുമായി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ മരണത്തിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് തന്റെ പരാമര്‍ശത്തിലുള്ള ഖേദം പ്രകടിപ്പിക്കുന്നത്.

ഒരിക്കലും അവതാരകന്‍ ആ ചോദ്യം ചോദിക്കരുതായിരുന്നുവെന്നും, താന്‍ ആ ചോദ്യത്തോട് പ്രതികരിക്കരുതെന്നുമായിരുന്നു ഗവാസ്‌കര്‍ പറയുന്നത്.

‘അവതാരകന്‍ ഒരിക്കലും ആ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ അതിന് ഉത്തരം പറയുകയും ചെയ്യരുതായിരുന്നു. അത് താരതമ്യം ചെയ്യാനോ വിലയിരുത്തലുകള്‍ നടത്താനോ പറ്റിയ സമയമായിരുന്നില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

റോഡ്‌നി മാര്‍ഷും ഷെയ്ന്‍ വോണും എക്കാലത്തേയും മികച്ച താരങ്ങളാണെന്നും അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗവാസ്‌കര്‍ പറഞ്ഞു.

അവതാരകന്‍ ചോദിച്ച ചോദ്യത്തിന് തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ആരെയും വിലകുറച്ചു കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ സംബന്ധിച്ച് വോണ്‍ ലോകത്തിലെ ഏറ്റഴും വലിയ സ്പിന്നര്‍ അല്ലായെന്നും ഇന്ത്യന്‍ ബൗളേഴ്‌സും മുത്തയ്യ മുരളീധരനും വോണിനെക്കാള്‍ മികച്ച സ്പിന്‍ ബൗളേഴ്‌സുമാണെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

‘വോണാണ് എക്കാലത്തേയും മികച്ച സ്പിന്നര്‍ എന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സ്പിന്നേഴ്സും മുത്തയ്യ മുരളീധരനുമാണ് വോണിനെക്കാളും ഏറ്റവും മികച്ച സ്പിന്‍ ബൗളേഴ്സ്.

ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോഡ് പോലുമില്ലാത്ത ഓര്‍ഡിനറി ബൗളറാണ് വോണ്‍. നാഗ്പൂരില്‍ വെച്ച് അഞ്ച് വിക്കറ്റ് നേട്ടം ഒരിക്കല്‍ മാത്രമാണ് നേടാനായിട്ടുള്ളത്. ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനങ്ങളൊന്നും തന്നെ വോണിന്റെ പേരിലില്ല. ഞാന്‍ മുത്തയ്യ മുരളീധരനെയാണ് വോണിനേക്കാളും മുകളില്‍ റാങ്ക് ചെയ്യുന്നത്,’ എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

എന്നാല്‍ ഗവാസ്‌കറിന്റെ ഈ പരാമര്‍ശത്തിന് പിന്നാലെ നിരവധി ആരാധകര്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു അവര്‍ ഗവാസ്‌കറിനുള്ള മറുപടി നല്‍കിയത്.

ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അപമാനമാണെന്നും, ഈയൊരു സാഹചര്യത്തില്‍ ഗവാസ്‌കറിന്റെ പരാമര്‍ശം ഉചിതമായില്ലെന്നുമുള്ള തരത്തിലാണ് ആരാധകര്‍ ട്വീറ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഹൃദയാഘാതം മൂലം ഓസീസ് സെന്‍സേഷന്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചത്. തായ്‌ലാഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയില്‍ ആയിരുന്നു അന്ത്യം.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ വോണ്‍, 1992ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളായിരുന്നു വോണ്‍ നേടിയത്. 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്നായി ആയിരത്തിലധികം വിക്കറ്റുകളാണ് വോണ്‍ നേടിയത്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോണ്‍.

2008ലെ പ്രഥമ ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയതും ക്യാപ്റ്റന്‍ കം കോച്ചായ ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.

Content Highlight: Gavaskar expresses regret over ill-timed comment on Warne

We use cookies to give you the best possible experience. Learn more