| Thursday, 1st June 2023, 2:29 pm

ഓസീസ് ടീമിലെ താരമാണ് ഇപ്പോഴവന്റെ കൂട്ട്, അത് ഇന്ത്യക്ക് ഗുണം ചെയ്യും; പൂജാരയെ കുറിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ഫലം പ്രവചനാതീതമാണ്. ടെസ്റ്റ് ഫോര്‍മാറ്റിലെ ഭീമന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ തന്നെയാണ് കായിക രംഗത്തെ ചൂടുള്ള ചര്‍ച്ചാ വിഷയങ്ങളിലൊന്നും.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഡോമിനന്‍സ് ആവര്‍ത്തിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. അങ്ങനെയെങ്കില്‍ കാലങ്ങള്‍ക്ക് ശേഷം ഐ.സി.സിയുടെ അംഗീകാരം ഇന്ത്യയെ തേടിയെത്തും.

എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് എന്ത് വിലകൊടുത്തും തിരിച്ചടിക്കണമെന്നാണ് ഓസീസ് കണക്കുകൂട്ടുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരാജയത്തിന് കണക്കുതീര്‍ക്കുക ഓവലില്‍ വെച്ചായിരിക്കുമെന്ന് ഓസീസ് ആരാധകര്‍ അന്നേ ഇന്ത്യയെ വെല്ലുവിളിച്ചിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനെ കുറിച്ചുതന്നെയാണ് ക്രിക്കറ്റ് അനലിസ്റ്റുകളും വാചാലരാകുന്നത്.

ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ തളയ്ക്കാനുള്ള വഴി ഇന്ത്യന്‍ ടീമിന് ഉപദേശിക്കാന്‍ ചേതേശ്വര്‍ പൂജാരക്ക് സാധിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ ഇരുവരും കൗണ്ടി ക്രിക്കറ്റില്‍ ഒരേ ടീമിന് വേണ്ടി കളിക്കുന്നതിനാല്‍ സ്മിത്തിനെതിരെയുള്ള തന്ത്രം മെനയാന്‍ പൂജാരക്കാകുമെന്നാണ് ഗവാസ്‌കര്‍ കരുതുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഫോളോ ദി ബ്ലൂസ് എന്ന പരിപാടിയിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘അവന്‍ (ചേതേശ്വര്‍ പൂജാര) സസക്‌സിന്റൈ ക്യാപ്റ്റനാണെന്ന കാര്യം മറന്നുപോകരുത്. അതുകൊണ്ടുതന്നെ സ്റ്റീവ് സ്മിത്തിനൊപ്പം അദ്ദേഹം പല തന്ത്രങ്ങളും മെനഞ്ഞിട്ടുണ്ടാകും. ആ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഇപ്പോള്‍ അവന്റെ സഹതാരമാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടിലെ ഓവലാണ് വേദി.

Content highlight: Gavaskar believes that Cheteshwar Pujara can help India to strategize against Steve Smith

We use cookies to give you the best possible experience. Learn more