തിരുവനന്തപുരം: “”ആദ്യം അവര്‍ എന്നെ മര്‍ദിച്ചെന്ന് സമ്മതിക്കട്ടെ. അപ്പോള്‍ ആലോചിക്കാം നിയമനടപടികള്‍ അവസാനിപ്പിക്കുന്ന കാര്യം. എന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നില്‍ നിര്‍ത്താനാണ് ശ്രമമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഐ.പി.എസ്.തലത്തില്‍ ശ്രമം നടക്കുന്നതായി അറിയുന്നുണ്ട്. തന്നെ സമ്മര്‍ദ്ദത്തിലാക്കി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട.
എത്രവലിയ സമ്മര്‍ദമുണ്ടായാലും നീതികിട്ടുംവരെ തന്റെ പരാതിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
സുധേഷ് കുമാറിന്റെ മകള്‍ തന്നെ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറില്‍വെച്ച് മകള്‍ അസഭ്യം പറഞ്ഞവിവരം താന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നതായി ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം തന്നെ എ.ഡി.ജി.പി.യുടെ ഡ്രൈവര്‍ ചുമതലയില്‍നിന്ന് മാറ്റിത്തരണമെന്നും ഗവാസ്‌കര്‍ അഭ്യര്‍ഥിച്ചിരുന്നു.
ഒരുപക്ഷെ ഇതാകാം തന്നോട് ഇത്തരത്തില്‍ പെരുമാറാനുള്ള കാരണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മകളെ കായികപരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗണ്‍മാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്.
സംഭവദിവസം എ.ഡി.ജി.പി. മകളോടൊപ്പം വന്നില്ല. അതേസമയം ഗണ്‍മാനെ ഒഴിവാക്കാനും നിര്‍ദേശിച്ചുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്റെതന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആ വാഹനത്തില്‍ പൊലീസിന്റെ ബോര്‍ഡുണ്ടായിരുന്നില്ല.
വാഹനമോടിക്കുമ്പോള്‍ വണ്ടി ചെറുതായി ഉലഞ്ഞാല്‍ എ.ഡി.ജി.പി. ചീത്തവിളിക്കും. മറ്റൊരുവാഹനം എതിരേ വന്നപ്പോള്‍ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് ഇതിനു മുമ്പുള്ള ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്‌കര്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട സായുധക്യാമ്പ് വളപ്പിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തിയത്.
അതേസമയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും വ്യായാമം ചെയ്യാനെത്തുന്ന എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകള്‍ക്ക് കായികപരിശീലനം നല്‍കുന്നത് പൊലീസില്‍ത്തന്നെയുള്ള വനിതാ പരിശീലകയാണെന്ന് ഗവാസ്‌കര്‍ ആരോപിച്ചു. സ്റ്റേഡിയത്തില്‍ കായികമത്സരം നടന്ന രണ്ടുദിവസമാണ് വ്യായാമത്തിനായി എ.ഡി.ജി.പി.യുടെ മകള്‍ കനകക്കുന്ന് കൊട്ടാരവളപ്പിലെത്തിയത്. അവിടെയും പോലീസിന്റെ വനിതാ പരിശീലകയെത്തിയിരുന്നു.
പരിശീലകയോട് താന്‍ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവില്‍ മര്‍ദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകള്‍ മറ്റൊരു പോലീസ് ഡ്രൈവറെ മുമ്പ് മര്‍ദിച്ചിട്ടുണ്ടെന്നും കേസില്‍ സാക്ഷിപറയാന്‍ അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചതായും ഗവാസ്‌കര്‍ പറഞ്ഞു.
ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയശേഷം ഗവാസ്‌കറെ കാണണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവാസ്‌കറുടെ ഭാര്യ രേഷ്മ പറഞ്ഞു. അടുത്തദിവസം തന്നെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കും.
അതേസമയം പൊലീസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ കാരണമാണ് പിടിച്ചുനില്‍ക്കുന്നത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാരും സംഭവത്തെക്കുറിച്ച് നേരിട്ടോ ഫോണിലൂടെയോ അന്വേഷിച്ചിട്ടില്ല.