| Thursday, 23rd September 2021, 9:22 am

ക്രീസില്‍ എത്തിയാലുടന്‍ അടി തുടങ്ങണമെന്നാണ് ചിന്ത, ദൈവം നല്‍കിയ കഴിവ് പാഴാക്കരുത്; സഞ്ജുവിനെ ഉപദേശിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ ഉപദേശം. ദൈവം നല്‍കിയ കഴിവ് ഇപ്രകാരം പാഴാക്കരുതെന്നാണ് ഗവാസ്‌കര്‍ സഞ്ജുവിനോട് പറയുന്നത്.

‘ക്രീസില്‍ എത്തിയാലുടന്‍ അടി തുടങ്ങണമെന്ന നിശ്ചയത്തോടെയാണ് സഞ്ജു ബാറ്റെടുക്കുന്നത്. അതു തന്നെയാണ് സഞ്ജുവിന് വിനയാകുന്നതും. ഏതു ഫോര്‍മാറ്റിലായാലും കളിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തുക എന്ന കാര്യം അത്ര എളുപ്പമല്ല.

അനാവശ്യ ഷോട്ടുകള്‍ കളിച്ചാണ് താരം വിക്കറ്റ് വലിച്ചെറിയുന്നത്. ക്രിക്കറ്റില്‍ അല്‍പം ക്ഷമ കാണിക്കണം. ക്രീസിലെത്തിയാല്‍ ആക്രമിച്ച് കളിക്കണം എന്ന ചിന്ത മാറണം. അല്ലെങ്കില്‍ ദൈവം തന്ന കഴിവ് പാഴാക്കി കളയലാവും,’ ഗവാസ്‌കര്‍ പറയുന്നു.

സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നും, ഇന്ത്യന്‍ ടീമിന്റെ ഭാഗമാവണമെങ്കില്‍ താരം ഷോട്ട് സെലക്ഷനില്‍ ശ്രദ്ധ ചെലുത്തിയേ മതിയാവൂ എന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ചെവ്വാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ കഷ്ടിച്ചാണ് രാജസ്ഥാന്‍ വിജയിച്ചത്. രാജസ്ഥാന്‍ നേടിയ 185 റണ്‍സില്‍ വെറും 4 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ രാജസ്ഥാന്‍ ക്യാപ്റ്റന് സാധിച്ചുള്ളൂ. അനാവശ്യ ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് കളഞ്ഞു കുളിച്ചത്.

സ്ഥിരതയില്ലാത്ത പ്രകടനമാണ് താരത്തെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഐ.പി.എല്‍ 14ാം സീസണിലെ ആദ്യ ഘട്ടത്തില്‍ പഞ്ചാബിനെതിരെ സെഞ്ച്വറി നേടിയ താരത്തിന് ആ പ്രകടനം മറ്റൊരു കളിയിലും ആവര്‍ത്തിക്കാനായില്ല.

അതേസമയം പഞ്ചാബിനെതിരായ മത്സരം ജയിച്ചെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴയൊടുക്കോണ്ടതായും വന്നിട്ടുണ്ട്. 12 ലക്ഷം രൂപയാണ് സഞ്ജു പിഴയായി ഒടുക്കേണ്ടതെന്ന് ഐ.പി.എല്‍ ഭരണ സമിതി അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gavaskar advises Sanju

We use cookies to give you the best possible experience. Learn more