ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തുന്ന ‘2018’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സജീവമാകാനൊരുങ്ങുകയാണ് നടി ഗൗതമി നായര്‍. ജയസൂര്യ നായകനായ മേരി ആവാസ് സുനോയിലൂടെ ഇടവേളക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
2018ലേക്ക് താനെത്തിയതിനെ പറ്റി സംസാരിക്കയാണ് ഗൗതമി. ഓം ശാന്തി ഓശാനയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് പോകാന്‍ സാധിച്ചിരുന്നില്ലെന്നും ഗൗതമി പറഞ്ഞു. അന്ന് അത് ചെയ്യാന്‍ പറ്റാത്തതിനാല്‍ ചെറിയ റോളാണെങ്കിലും 2018ലേക്ക് ജൂഡ് ആന്തണി വിളിച്ചപ്പോള്‍ പോവണമെന്ന് തോന്നിയെന്നും ഗൗതമി പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘2018 സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഒരുദിവസം എന്നെ വിളിച്ചിട്ട് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടാണ്, വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. കുഞ്ഞുറോളാണ്, വിനീതിന്റെ ഭാര്യയുടെ കഥാപാത്രമാണ്. ഏകദേശം ഒരു ഗസ്റ്റ് റോള്‍ പോലെയാണ്. അതിനെ പറ്റി അധികമൊന്നും പറയാന്‍ പറ്റില്ല, അത്രക്കും കുഞ്ഞു റോളാണ്. വന്നു, ചെയ്തു, പോയി, അത്രയേയുള്ളൂ.
ജൂഡിന്റെയും എന്റെയും ഒരു ചെറിയ പഴയ കഥയുണ്ട്. ഓം ശാന്തി ഓശാനയില്‍ നിക്കി ഗില്‍റാണി ചെയ്ത റോളിലേക്ക് എന്നെ വിളിച്ചിരുന്നു, നിവിന്റെ അമ്മയെ നോക്കുന്ന ടീച്ചറിന്റെ റോളിലേക്ക്. ആ റോളിലേക്ക് വിളിച്ചെങ്കിലും ആ സമയം അത് ചെയ്യാന്‍ പറ്റിയില്ല. അത് ഓര്‍ത്ത് ഇപ്പോഴും വിഷമമുണ്ട്.
ഇപ്രാവശ്യം ജൂഡ് വീണ്ടും എന്നെ നേരിട്ട് വിളിച്ചു. ഇങ്ങനത്തെ ഒരു റോളുണ്ട്, വരാമോ എന്ന് ചോദിച്ചു. അന്ന് അത് ചെയ്യാന്‍ പറ്റിയില്ല, ഇപ്പോള്‍ ഇതെങ്കിലും ചെയ്യണമെന്ന് ഒരു ആഗ്രഹം,’ ഗൗതമി പറഞ്ഞു.
2018ലെ പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ജൂഡ് ആന്തണി 2018 സിനിമ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.
Content Highlight: gauthami nair about om shanthi oshana movie