|

ഇപ്പോള്‍ ഒരു ലവ് സ്‌റ്റോറി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റൊമാന്റിക് ചിത്രങ്ങളുടെയും കോപ് ആക്ഷന്‍ ത്രില്ലറുകളുടെയും വക്താവാണ് ഗൗതം വാസുദേവ് മേനോന്‍.മിന്നലേ, വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ എന്നീ സിനിമകള്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ കോപ്  ആക്ഷന്‍ ത്രില്ലറുകളാണ് 2003 ല്‍ പുറത്തിറങ്ങിയ കാക്ക കാക്കാ, കമല്‍ ഹാസന്‍ ചിത്രം വേട്ടയാടു വിളയാട് തുടങ്ങിയവ. മലയാളത്തിലും തമിഴിലുമായി പല സിനിമകളിലും അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ജി.വി.എം എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഗൗതം വാസുദേവിന്റെ പല സിനിമകളുടെയും റീലുകളും മറ്റും സാമൂഹ മാധ്യമങ്ങളില്‍ ഇന്നും സുലഭമായി കാണാറുണ്ട്.

ഇപ്പോള്‍ പൊലീസ് വേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ തന്നെ സ്വാധിനിച്ചിട്ടുണ്ടോയെന്നും ഇനിയും അത്തരം ഴോണറില്‍ വരുന്ന സിനിമകള്‍ താന്‍ സംവിധാനം ചെയ്യുമോ എന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.

ഇപ്പോള്‍ കോപ് ആക്ഷന്‍ ഴോണറില്‍ വരുന്ന സിനിമകള്‍ ഒന്നും തന്നെ എഴുതുന്നില്ലെന്നും ഒരു ലവ് സ്റ്റോറി ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും ഗൗതം വാസുദേവ് പറയുന്നു. എന്നാല്‍ തനിക്ക് അത്തരം ഴോണറുകള്‍ ഏറെ ഇഷ്ടമാണെന്നും അങ്ങനെയൊരു കഥ മനസില്‍ സ്‌ട്രൈക് ചെയ്യുകയാണെങ്കില്‍ എന്തായാലും താന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘എന്ത് കൊണ്ട് പൊലീസ് കഥാപാത്രങ്ങള്‍ വരുന്നില്ലെന്ന് ചോദിച്ചാന്‍ ഞാന്‍ അങ്ങനത്തെ കഥാപാത്രങ്ങള്‍ ഇപ്പോള്‍ എഴുതുന്നില്ല. അത്രയും ഒരു ക്രിയേറ്റിവ് സ്‌പേയ്‌സ് ഇപ്പോള്‍ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഞാനിപ്പോള്‍ ഒരു ലവ് സ്‌റ്റോറി ചെയ്യാനുള്ള തയ്യാറെടുപ്പില്ലാണ്. ഇപ്പോള്‍ കുറെ ലവ് സ്‌റ്റോറീസില്ല. ആ ഴോണര്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ വിചാരിക്കുന്നത്. പക്ഷേ എന്തെങ്കിലും ഒരു പൊലീസ് കഥാപാത്രത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ട കഥ മനസില്‍ തോന്നിയാല്‍ ഞാന്‍ എന്തായാലും ചെയ്യും. കാരണം എനിക്ക് ആ ഴോണര്‍ വളരെ ഇഷ്ട്മാണ്. അങ്ങനെയൊന്ന് കിട്ടി കഴിഞ്ഞാല്‍ അത് എന്തായാലും നന്നായിട്ട് ചെയ്യും,’ ഗൗതം വാസുദേവ് പറയുന്നു.

Content Highlight: Gautham Vasudev Menon talks about why he doesn’t do cop action movies