|

മമ്മൂക്ക ഇംപ്രസായി, പക്ഷെ ട്രെയ്‌ലറില്‍ കേട്ടപ്പോള്‍ എനിക്ക് നാണകേട് തോന്നി: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമാണ് ഇത്.

മമ്മൂട്ടി നായകനായ ബസൂക്കയില്‍ ഗൗതം വാസുദേവ് മേനോന്‍, ഐശ്വര്യ മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തില്‍ ബെഞ്ചമിന്‍ ജോഷ്വാ എന്ന പൊലീസ് കഥാപാത്രമായാണ് ഗൗതം വാസുദേവ് മേനോന്‍ എത്തുന്നത്. സിനിമയുടെ ട്രെയ്‌ലര്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ ഡയലോഗിലൂടെയായിരുന്നു.

ഇപ്പോള്‍ ബസൂക്കയിലെ തന്റെ ഡയലോഗുകളെ കുറിച്ച് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രെയ്‌ലറില്‍ കേട്ട എന്റെ ഡയലോഗുകളൊക്കെ പടത്തില്‍ ഓരോ സീനിലായി വരുന്ന ഡയലോഗുകള്‍ തന്നെയാണ്. ഷൂട്ട് ചെയ്ത ലിപ് സിങ്കുള്ള ഡയലോഗ് തന്നെയാണ് അതൊക്കെ.

അതിനുവേണ്ടി ഞാന്‍ കുറേ വര്‍ക്ക് ചെയ്തിരുന്നു. അതൊട്ടും ഈസിയായിരുന്നില്ല. കൊളോക്കിയലായ മലയാളത്തിലായിരുന്നില്ല ആ ഡയലോഗുകള്‍ പറയേണ്ടിയിരുന്നത്. ഒരു പോളിഷ്ഡായ മലയാളമായിരുന്നു.

ഡീനോ ഈ ഡയലോഗ് ആദ്യമേ തന്നെ എനിക്ക് തന്നിരുന്നു. ഞാന്‍ കാരണം സെക്കന്റ് ടേക്ക് പോകരുതെന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഡയലോഗില്‍ പ്രോപ്പറായി വര്‍ക്ക് ചെയ്തിട്ട് തന്നെയാണ് ഞാന്‍ വന്നത്.

ചെറിയ പ്രൊനൗണ്‍സിയേഷന്‍ ഇഷ്യൂസൊക്കെ വരുമ്പോള്‍ ഞാന്‍ സ്‌പോട്ടില്‍ തന്നെ കറക്ട് ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകളാണ് അതിന് വേണ്ടി എന്നെ ഹെല്‍പ്പ് ചെയ്തത്.

മമ്മൂക്ക അതില്‍ ഒരുപാട് ഇംപ്രസായിരുന്നു. ഒരു സീനില്‍ എനിക്ക് ഒരുപാട് ഡയലോഗുകള്‍ ഉണ്ടായിരുന്നു. ആ സമയത്ത് സാര്‍ എന്നെ തിരിഞ്ഞു നോക്കി ‘ഈസിയായി എടുത്തല്ലോ, പിന്നെന്താ’ എന്ന് ചോദിച്ചു.

ആ സിനിമയില്‍ അത്തരം ഡയലോഗുകള്‍ കിട്ടിയതില്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു. ട്രെയ്‌ലറില്‍ യൂസ് ചെയ്ത് കേട്ടപ്പോള്‍ കുറച്ച് നാണകേട് തോന്നിയിരുന്നു. പക്ഷെ അത് നന്നായി വന്നുവെന്നാണ് എന്റെ വിശ്വാസം,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.


Content Highlight: Gautham Vasudev Menon Talks About His Dialogues In Bazooka Movie