| Thursday, 7th March 2024, 5:48 pm

ചില പ്രൊഡ്യൂസേഴ്‌സിന്റെ നിര്‍ബന്ധം കാരണം കഥയില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നലേ എന്ന സിനിമയിലൂടെ പ്രണയസിനിമകള്‍ക്ക് പുതിയൊരു ഡൈമന്‍ഷന്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. അതുവരെ കണ്ടുശീലിച്ച പൊലീസ് സിനിമകളില്‍ നിന്ന് മാറി സഞ്ചരിച്ച കഥപറച്ചിലായിരുന്നു ഗൗതമിന്റെ രണ്ടാമത്തെ ചിത്രമായ കാക്ക കാക്ക. പിന്നീട് തന്റെ സിനിമകളിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഗൗതമിന് കഴിഞ്ഞു. ഇടയ്ക്ക് അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചെങ്കിലും ജോഷ്വാ എന്ന സിനിമയിലൂടെ വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഗൗതം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പല നിര്‍മാതാക്കളും കഥയില്‍ വിശ്വസിച്ച് സിനിമയുടെ കൂടെ ആദ്യാവസാനം നില്‍ക്കുമെന്നും, എന്നാല്‍ ചില നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കഥയില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ടെന്നും വെളിപ്പെടുത്തി. തന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വിണ്ണൈത്താണ്ടി വരുവായായുടെ തെലുങ്ക് റീമേക്കിന് വേണ്ടി കഥയില്‍ മാറ്റം വരുത്തേണ്ടി വന്ന അനുഭവം ഗൗതം മേനോന്‍ പങ്കുവെച്ചു.

‘ചില നിര്‍മാതാക്കള്‍ നമ്മളുടെ കഥയില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിച്ച് സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ കൂടെ നില്‍ക്കും. ഈ സിനിമയും, വെന്ത് തനിന്തത് കാടും ഒക്കെ ചെയ്യുന്ന സമയത്ത് നിര്‍മാതാവ് ഈശരി ഗണേഷ് സാര്‍ കൂടെ നിന്നിട്ടുണ്ടായിരുന്നു. പക്ഷേ ചില സമയത്ത് നിര്‍മാതാക്കള്‍ പറയുന്നത് കേട്ട് നമ്മളുടെ കഥയില്‍ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. അവര്‍ സിനിമയെ കൊമേഴ്‌സ്യലി സേഫ് ആക്കാനാകും അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അതുകൊണ്ട് അവര്‍ പറയുന്നത് കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.

വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമ തമിഴിലും തെലുങ്കിലും ഒരേ സമയം ഷൂട്ട് ചെയ്തതാണ്. തെലുങ്കില്‍ അതിന്റെ പേര് യേ മായാ ചേസാവേ എന്നായിരുന്നു. തെലുങ്ക് വേര്‍ഷന്റെ ഷൂട്ട് തീരാറായ സമയത്ത് അതിന്റെ പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞത്, ഈ സിനിമയുടെ ക്ലൈമാക്‌സ് മാറ്റേണ്ടി വരും, ഇവിടുത്തെ ഓഡിയന്‍സിന് ട്രാജിക് ലവ് സ്‌റ്റോറി അംഗീകരിക്കാന്‍ പ്രയാസമാകും എന്ന്. പക്ഷേ തമിഴില്‍ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഒരിക്കലും ട്രാജിക് അല്ല. സത്യം തിയേറ്ററില്‍ സിനിമ കണ്ടിറങ്ങി ജെസിയും കാര്‍ത്തികും പിരിയുന്ന സീനാണ് അതിന് ഏറ്റവും ആപ്റ്റ്. എന്നിരുന്നാലും സിനിമക്ക് പണമിറക്കുന്ന നിര്‍മാതാവ് പറയുന്നത് കേള്‍ക്കണമല്ലോ. അതുകൊണ്ട് അയാള്‍ പറയുന്നതുപോലെ ചെയ്യേണ്ടി വന്നു,’ ഗൗതം മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon says that he have to make changes in script for producers

We use cookies to give you the best possible experience. Learn more