വിക്രം നായകനാവുന്ന പുതിയ ചിത്രമാണ് ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തില്‍ ആദ്യം നായകനായി താന്‍ കണ്ടിരുന്നത് സൂര്യയെ ആണെന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. എന്നാല്‍ അദ്ദേഹത്തിന് കഥ മനസിലായില്ലെന്ന് ഗൗതം പറഞ്ഞു. അതിന് ശേഷം താന്‍ കഥയുമായി രജിനികാന്തിനെ സമീപിച്ചുവെന്നും കഥ ഇഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന് ചിത്രം ചെയ്യാനായില്ലെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. സിനിമ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയിലെ നായകനായി ഞാന്‍ ആദ്യം കണ്ടത് സൂര്യയെ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ സംശയങ്ങളുണ്ടായിരുന്നു. ഇതിന് റഫറന്‍സ് പോയിന്റില്ല, ഇത് ഏത് ഴോണറില്‍ വരും, സ്‌പൈ ത്രില്ലറൊന്നും ഇവിടെ വര്‍ക്കായിട്ടില്ലല്ലോ, സ്‌പൈ ത്രില്ലര്‍ പോലെയുമില്ല, എനിക്ക് ഇത് മനസിലാവുന്നില്ല, വേറെ പ്രൊജക്ട് ചെയ്യാമെന്നൊക്കെ അദ്ദേഹം പറഞ്ഞു. അത് നടന്നില്ല.
അതിന് ശേഷം രജിനി സാറിനോടും കഥ പറഞ്ഞു. സൂര്യയില്‍ നിന്നും രജിനി സാറിലേക്ക് പോകുമ്പോള്‍ ഒരുപാട് മാറ്റം വരുത്തിയിരുന്നു. ഏജ് ഗ്രൂപ്പ് മുതല്‍ സാര്‍ ഓരോ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് വരെ അദ്ദേഹത്തിന് കഥ ഇഷ്ട്‌പെട്ടു. നന്നായി റെസ്‌പോണ്ട് ചെയ്തിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. അതിന് ശേഷമാണ് കബാലി റിലീസ് ചെയ്തത്.
പിന്നെയാണ് ഞാന്‍ ഈ സിനിമയുമായി വിക്രം സാറിനെ സമീപിക്കുന്നത്. സൂര്യയോട് പറഞ്ഞ കഥ തന്നെയാണ് വിക്രത്തോടും പറഞ്ഞത്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
ധ്രുവനച്ചത്തിരത്തില്‍ വിക്രത്തിനൊപ്പം സിമ്രാന്‍, റിതു വര്‍മ, രാധിക ശരത്കുമാര്‍, പാര്‍ത്ഥിപന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ജയിലറിന് ശേഷം വിനായകന്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ധ്രുവ നച്ചത്തിരത്തിനുണ്ട്.
ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവ നച്ചത്തിരം. 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
Content Highlight: Gautham Vasudev Menon says that he first saw Suriya as the lead in the film Dhruva nachathiram