|

ധ്രുവനച്ചത്തിരം റിലീസാകാത്തപ്പോള്‍ എന്തുപറ്റിയെന്ന് ആരും ചോദിച്ചില്ല; ചിത്രം കണ്ടത് ആ നടന്‍ മാത്രം: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. 2017 ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം സാമ്പത്തികവും നിയമപരവുമായ തടസങ്ങള്‍ കാരണം ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.

ധ്രുവനച്ചത്തിരം എന്ന സിനിമയെ കുറിച്ചും സിനിമയില്‍ നിന്നുള്ള സഹായഹസ്തം ആരാണ് എന്ന ചോദ്യത്തിനും മദന്‍ ഗൗരിയുമായുള്ള അഭിമുഖത്തില്‍ മറുപടി പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍.

സിനിമയില്‍ തനിക്ക് സഹായഹസ്തങ്ങള്‍ ഒന്നും തന്നെ ഇല്ലായെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. ധ്രുവനച്ചത്തിരം സിനിമ 2017ല്‍ റിലീസ് ആകാത്തപ്പോള്‍ സിനിമ മേഖലയിലുള്ള ആരും തന്നെ വിളിച്ച് എന്തുപറ്റിയെന്ന് ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘എനിക്ക് അങ്ങനെ ആരും ഇല്ല. അതാണ് സത്യം. ഞാനിവിടെ ഒരു വിവാദം സൃഷ്ടിക്കാനൊന്നും ശ്രമിക്കുന്നില്ല. പക്ഷേ, DN (ധ്രുവനച്ചത്തിരം) 2017ല്‍ റിലീസ് ചെയ്യാത്തപ്പോള്‍ എന്നെ ആരും വിളിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ പോലും ആരും മെനക്കെട്ടില്ല. ആര്‍ക്കും പ്രശ്‌നം പോലും അറിയില്ല.

ഒരു സിനിമ നന്നായി പോയാല്‍ ആരും അതില്‍ സന്തോഷിക്കില്ല. ഞാന്‍ സംസാരിക്കുന്നതുകേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ നെഗറ്റീവായോ കുറ്റം പറയുന്ന ആളായോ എല്ലാം തോന്നാം. പക്ഷെ ഇതാണ് സത്യം.

ധനുഷ് സാറിനേയും ലിംഗുസാമിയേയും പോലെ വളരെ കുറച്ച് ആളുകള്‍ മാത്രമേ ധ്രുവനച്ചത്തിരം സിനിമ കണ്ടിട്ടുള്ളൂ.

അവരും സിനിമ പുറത്തുകൊണ്ടുവരാനായി ശ്രമിച്ചിട്ടുണ്ട്, എന്നാലും അവര്‍ക്കും അവരുടേതായ കാര്യങ്ങളില്ലേ ചെയ്യാന്‍. ഞാന്‍ കുറച്ച് സ്റ്റുഡിയോകളില്‍ ധ്രുവനച്ചത്തിരം കാണിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോഴും അതിജീവിക്കുകയാണ്. ഒരു ഹിറ്റ് ചിത്രം ഉണ്ടാകാന്‍ വേണ്ടി ഞാന്‍ ശ്രമിക്കുകയാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Content Highlight: Gautham Vasudev Menon says nobody in the film industry is supportive in time of need

Latest Stories