|

പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ആ സിനിമ ഉയരാത്തത് എന്റെ തെറ്റാണ്: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച ഗൗതം വാസുദേവ് മേനോന്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. തുടര്‍ന്ന് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമക്ക് ശേഷം ജി.വി.എം അണിയിച്ചൊരുക്കിയ പല ചിത്രങ്ങളും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നൈ അറിന്താല്‍, അച്ചം എന്‍പത് മടമൈയെടാ എന്നീ ചിത്രങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയിക്കാതെ പോവുകയായിരുന്നു. ജീവ, സമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു നീ താനേ എന്‍ പൊന്‍വസന്തം.

ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമാവുകയും ഗൗതം മേനോന് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. തന്റെ എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകണമെന്ന ചിന്തയിലാണ് ഒരുക്കുന്നതെന്നും നീതാനേ എന്‍ പൊന്‍വസന്തവും അത്തരത്തിലൊന്നാണെന്ന് ജി.വി.എം പറഞ്ഞു.

എന്നാല്‍ വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ എന്നീ ചിത്രങ്ങള്‍ പോലെ ഒന്ന് പ്രതീക്ഷിച്ച് പോയവര്‍ നിരാശരായെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാക്കളുടെയും മറ്റുള്ളവരുടെയും വാക്ക് കേട്ട് ചില സിനിമകളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അക്കാരണം കൊണ്ട് ആ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും ജി.വി.എം. പറഞ്ഞു.

നീ താനേ എന്‍ പൊന്‍വസന്തം വര്‍ക്കാകാതെ പോയത് തന്റ മാത്രം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മദന്‍ ഗൗരിയുമായി സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘നീ താനേ എന്‍ പൊന്‍വസന്തം എന്ന സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന ചിന്തയില്‍ തന്നെയാണ് എടുത്തത്. എന്റെ എല്ലാ സിനിമകളും ആ ഒരു ചിന്തയില്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പക്ഷേ എന്തുകൊണ്ടോ അത് ഓഡിയന്‍സിന്റെ പ്രതീക്ഷക്കൊത്ത് വന്നില്ല. പിന്നീട് അച്ചം എന്‍പ് മടമൈയെടാ, എന്നൈ അറിന്താല്‍ എന്നീ സിനിമകള്‍ സാമ്പത്തികമായി വിജയിച്ചവയാണ്.

വാരണം ആയിരം, വിണ്ണൈത്താണ്ടി വരുവായ എന്നീ സിനിമകള്‍ കണ്ട് അതുപോലെ ഒന്ന് പ്രതീക്ഷിച്ച് പോയവര്‍ നിരാശരായിട്ടുണ്ട്. അതില്‍ എനിക്ക് വിഷമമുണ്ട്. നിര്‍മാതാക്കളുടെയും മറ്റുള്ളവരുടെയും വാക്ക് കേട്ട് ചില സിനിമകളില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ ഒരു കാരണം കൊണ്ട് ചില സിനിമകള്‍ വര്‍ക്കാകാതെ പോയി. നീ താനേ എന്‍ പൊന്‍വസന്തം എന്ന സിനിമ അത്തരത്തിലൊന്നായത് എന്റെ മാത്രം തെറ്റാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon says Neethane En Ponvasnatham’s failure was his fault