Entertainment
എത്ര ചെറിയ വേഷമാണെങ്കിലും ആ നടി മാത്രമേ ഞാന്‍ വിളിച്ചാല്‍ ഒരു മടിയുമില്ലാതെ വന്ന് അഭിനയിക്കുള്ളൂ: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 05:13 pm
Wednesday, 29th January 2025, 10:43 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ് മേനോന്‍ ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.

തനിക്ക് ഏറ്റവും അടുപ്പമുള്ള നായികയെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം മേനോന്‍. താന്‍ എപ്പോള്‍ വിളിച്ചാലും വരാന്‍ യാതൊരു മടിയുമില്ലാത്ത നടിയാണ് തൃഷയെന്ന് ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. എത്ര ചെറിയ വേഷമാണെങ്കിലും യാതൊരു മടിയുമില്ലാതെ തൃഷ ചെയ്യുമെന്നും തങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള ബന്ധമാണെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു.

ലോക്ക്ഡൗണിന്റെ സമയത്ത് വിണ്ണൈത്താണ്ടി വരുവായയുടെ സെക്കന്‍ഡ് പാര്‍ട്ട് എന്ന രീതിയില്‍ ഒരു ചെറിയ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ തൃഷയെ വിളിച്ചെന്നും യാതൊരു മടിയുമില്ലാതെ അവര്‍ ആ സിനിമ ചെയ്‌തെന്നും ഗൗതം മേനോന്‍ പറഞ്ഞു. എന്നൈ അറിന്താല്‍ എന്ന സിനിമയില്‍ തൃഷയെ വിളിക്കാമെന്ന് താന്‍ കരുതിയെന്നും എന്നാല്‍ നിര്‍മാതാവിന്റെ ആഗ്രഹം അനുഷ്‌കയായിരുന്നെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളാഷ്ബാക്കില്‍ വെറും 20 മിനിറ്റ് മാത്രമുള്ള വേഷം ചെയ്യാമോ എന്ന് ചോദിച്ച് താന്‍ തൃഷയെ വിളിച്ചെന്നും സ്റ്റാര്‍ഡത്തിന്റെ ഇമേജ് നോക്കാതെ അവര്‍ ആ സിനിമ ചെയ്‌തെന്നും ഗൗതം മേനോന്‍ പറഞ്ഞു. താന്‍ ഇതുവരെ ചെയ്തവയില്‍ ഏറ്റവും പ്രിയപ്പെട്ട നായികയാണ് തൃഷയെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘എന്റെ നായികമാരില്‍ എല്ലായ്‌പ്പോഴും പ്രിയപ്പെട്ടത് തൃഷയെയാണ്. എപ്പോള്‍ വിളിച്ചാലും കഥ പോലും കേള്‍ക്കാതെ അവര്‍ വന്ന് അഭിനയിക്കും. അതിപ്പോള്‍ എത്ര ചെറിയ വേഷമാണെങ്കിലും അവര്‍ ചെയ്യും. ലോക്ക്ഡൗണ്‍ സമയത്ത് വിണ്ണൈത്താണ്ടി വരുവായയുടെ സെക്കന്‍ഡ് പാര്‍ട്ട് ഒരു ഷോര്‍ട്ട് ഫിലിം പോലെ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ അവര്‍ ചെയ്തു.

അതുപോലെ എന്നൈ അറിന്താലിലേക്ക് തൃഷയെ വിളിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. അതിന്റെ പ്രൊഡ്യൂസര്‍ ആദ്യമേ നായികയാകാന്‍ വേണ്ടി അനുഷ്‌കയെ വിളിച്ചിരുന്നു. പക്ഷേ, എനിക്ക് തൃഷയെ ആവശ്യമായിരുന്നു. ഫ്‌ളാഷ്ബാക്കില്‍ വെറും 20 മിനിറ്റ് മാത്രമുള്ള ക്യാരക്ടര്‍ ചെയ്യമോ എന്ന് ചോദിച്ചു. അവര്‍ അതും ചെയ്തു. അതുകൊണ്ട് തൃഷയാണ് എന്റെ ഫേവറെറ്റ് ഹീറോയിന്‍,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Content Highlight: Gautham Vasudev Menon saying that Trisha is his favorite heroine