Entertainment
കമല്‍ സാറിനെപ്പോലെ നമ്മള്‍ എഴുതിവെച്ചതിനപ്പുറത്തേക്ക് പെര്‍ഫോം ചെയ്യുന്ന നടനാണ് അയാള്‍: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 15, 07:33 am
Wednesday, 15th January 2025, 1:03 pm

മിന്നലേ എന്ന സിനിമയിലൂടെ പ്രണയസിനിമകള്‍ക്ക് പുതിയൊരു ഡൈമന്‍ഷന്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. അതുവരെ കണ്ടുശീലിച്ച പൊലീസ് സിനിമകളില്‍ നിന്ന് മാറി സഞ്ചരിച്ച കഥപറച്ചിലായിരുന്നു ഗൗതമിന്റെ രണ്ടാമത്തെ ചിത്രമായ കാക്ക കാക്ക. പിന്നീട് തന്റെ സിനിമകളിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഗൗതമിന് കഴിഞ്ഞു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ഗൗതം മേനോന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

കമല്‍ ഹാസന്റെ വലിയ ആരാധകനാണ് താനെന്ന് ജി.വി.എം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വേട്ടൈയാട് വിളൈയാട് എന്ന സിനിമയില്‍ താന്‍ എഴുതിവെച്ചതിനപ്പുറത്തേക്ക് കമല്‍ ഹാസന്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്ന് ഗൗതം മേനോന്‍ പറഞ്ഞു. കമല്‍ ഹാസനെപ്പോലെ ആ കാര്യത്തില്‍ തന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു നടന്‍ സിലമ്പരസനാണെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു.

ഒരു സീന്‍ എഴുതിക്കൊടുത്താല്‍ അതിനെ അയാളുടെ ഭാഗത്ത് നിന്ന് എങ്ങനെ മികച്ചതാക്കാമെന്ന് ചിന്തിച്ച് തന്റേതായ ഔട്ട്പുട്ട് കൊടുക്കുന്ന നടനാണ് സിലമ്പരസനെന്നും ഗൗതം മേനോന്‍ പറഞ്ഞു. കമല്‍ ഹാസനോട് ഒരു സീന്‍ പറഞ്ഞതിന് ശേഷം അത് അദ്ദേഹം പെര്‍ഫോം ചെയ്യുമ്പോള്‍ ഓരോ മൈന്യൂട്ട് എക്‌സ്പ്രഷനും താന്‍ ക്യാപ്ചര്‍ ചെയ്യുമായിരുന്നെന്ന് ജി.വി.എം കൂട്ടിച്ചേര്‍ത്തു.

താനും രവി വര്‍മനും അതുപോലെയാണ് സിലമ്പരസനെ വെച്ച് സീന്‍ എടുക്കുമ്പോള്‍ ഫോളോ ചെയ്യുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. ട്രോളിയിലോ ട്രാക്കിലോ ക്യാമറ വെച്ച് സിലമ്പരസന്റെ ഓരോ എക്‌സ്പ്രഷനും എടുക്കുമെന്നും മികച്ചൊരു നടനാണ് അയാളെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. മദന്‍ ഗൗരിയുമായി സംസാരിക്കുകയായിരുന്നു ഗൗതം മേനോന്‍.

‘കമല്‍ സാറിനെ വെച്ച് വേട്ടൈയാട് വിളൈയാട് മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ അത് എനിക്ക് മികച്ച ഒരു എക്‌സ്പീരിയന്‍സായിരുന്നു. ഞാന്‍ എന്താണോ എഴുതിവെച്ചത് അതിലേക്ക് അദ്ദേഹത്തിന്റേതായ ഇന്‍പുട്ട് കൊടുത്തിട്ടാണ് അദ്ദേഹം പെര്‍ഫോം ചെയ്യുക. അദ്ദേഹത്തെപ്പോലെ തോന്നിയ മറ്റൊരു നടനാണ് സിലമ്പരസന്‍.

എന്റെ എക്‌സ്പീരിയന്‍സാണ് ഞാന്‍ പറയുന്നത്. സിലമ്പരസനെ വെച്ച് സീന്‍ എടുക്കുമ്പോള്‍ ക്യാമറ ട്രാക്കിലോ ട്രോളിയിലോ മറ്റോ വെച്ച് എടുക്കും. ഒരു എക്‌സ്പ്രഷന്‍ പോലും വിടാതെ ക്യാപ്ചര്‍ ചെയ്യാന്‍ ഞാന്‍ രവിയോട് പറയും. എന്റെ അഭിപ്രായത്തില്‍ സിലമ്പരസന്‍ നല്ല പൊട്ടന്‍ഷ്യലുള്ള മികച്ചൊരു നടനാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon saying Silamabarasan’s acting similar to Kamal Haasan