സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച ഗൗതം വാസുദേവ് മേനോന്‍ 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.
മലയാളസിനിമയും തമിഴ് സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗൗതം മേനോന്‍. കുമ്പളങ്ങി നൈറ്റ്‌സ് പോലൊരു സിനിമ തമിഴില്‍ ചെയ്യുക അസാധ്യമായ കാര്യമാണെന്ന് ജി.വി.എം. പറഞ്ഞു. അത്തരത്തിലൊരു കണ്ടന്റ് തമിഴിലെ പല നടന്മാര്‍ക്കും മനസിലാകില്ലെന്നും അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.
കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ചെയ്ത കഥാപാത്രം തമിഴിലെ ടോപ്പ് നടന്മാര്‍ ആരും ചെയ്യില്ലെന്നും അവര്‍ക്ക് ആ കഥാപാത്രത്തില്‍ ഒന്നുമില്ലെന്ന് തോന്നുമെന്നും ജി.വി.എം പറഞ്ഞു. ആ കഥാപാത്രത്തില്‍ തനിക്കെന്ത് ചെയ്യാനാകും എന്നാണ് ചോദിക്കുകയെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ടതിന് ശേഷമേ അവര്‍ക്ക് റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ വരുള്ളൂവെന്നും ആദ്യം സംസാരിക്കുമ്പോള്‍ അവര്‍ക്ക് ആ കഥയെപ്പറ്റി ഐഡിയ കിട്ടില്ലെന്നും ജി.വി.എം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
‘കുമ്പളങ്ങി നൈറ്റ്‌സ് പോലെ ഒരു സിനിമ തമിഴില്‍ ചെയ്യാന്‍ സാധിക്കില്ല. ഏതൊരു സംവിധായകനും അത്തരമൊരു സിനിമ ഒരുക്കുക എന്നത് ഇംപോസിബിളായ കാര്യമാണ്. അത്തരത്തിലൊരു കണ്ടന്റ് തമിഴിലെ പല നടന്മര്‍ക്കും ആദ്യം കേള്‍ക്കുമ്പോള്‍ മനസിലാകില്ല. അത് അവരെ പറഞ്ഞ് മനസിലാക്കുക എന്നത് ബുദ്ധിമുട്ടാണ്.
ആ സിനിമയില്‍ ഫഹദ് ചെയ്ത കഥാപാത്രം തമിഴില്‍ ടോപ് ലീഗില്‍ നില്‍ക്കുന്ന ഒരൊറ്റ നടനും ചെയ്യാന്‍ തയാറാകില്ല. ആ ക്യാരക്ടറിനെക്കുറിച്ച് അവരോട് പറയുമ്പോള്‍ ‘എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ പറ്റും’ എന്നാണ് ചോദിക്കുക. അവര്‍ക്ക് അതിന്റെ ഡെപ്ത് മനസിലാകില്ല. സിനിമ കണ്ടതിന് ശേഷം അവര്‍ക്ക് റീമേക്കിനെക്കുറിച്ച് ചിന്തകള്‍ വരുമായിരിക്കും. പക്ഷേ ഫ്രഷ് ആയിട്ടുള്ള അത്തരം ഐഡിയകള്‍ തമിഴില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, വിനീത്, വിജി വെങ്കടേഷ്, സുഷ്മിത ഭട്ട്, സിദ്ദിഖ് തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടുണ്ട്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Gautham Vasudev Menon saying no tamil actor can’t do Fahadh’s character in Kumbalangi Nights