സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ് മേനോന്‍ ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.
രാജീവ് മേനോന്റെ സമവിധാന സഹായിയാകുന്നതിന് മുമ്പ് തന്നെ താന്‍ ഫിലിംമേക്കിങ്ങിന്റെ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഗൗതം മേനോന്‍ പറഞ്ഞു. ഫിലിം സ്‌കൂളിലൊന്നും പോകാതെ മണിരത്‌നത്തിന്റെ മൂന്ന് സിനിമകള്‍ കണ്ടാണ് താന്‍ പല കാര്യങ്ങളും പഠിച്ചതെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. നായകന്‍ ബോംബൈ, ഇരുവര്‍ എന്നിവയാണ് ആ സിനിമകളെന്നും ഗൗതം മേനോന്‍ പറഞ്ഞു.
ബോംബൈ എന്ന സിനിമ തിയേറ്ററില്‍ കാണാന്‍ പോയപ്പോള്‍ കൈയില്‍ നോട്ട്പാഡും കൊണ്ടാണ് പോയതെന്നും ഓരോ ഷോട്ടും എങ്ങനെയെടുത്തു എന്ന് ആ സമയം എഴുതിയെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. ഓരോ സീനും എങ്ങനെ എക്‌സിക്യൂട്ട് ചെയ്‌തെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ടെന്നും അതെല്ലാം ഇന്നും താന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറഞ്ഞു.
മണിരത്‌നത്തോട് അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റി ചോദിക്കാന്‍ അവസരം കിട്ടിയാല്‍ തനിക്ക് മറ്റേങ്ങോട്ടും റെഫറന്‍സിനായി പോകേണ്ട ആവശ്യമില്ലെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു. മണിരത്‌നത്തിന്റെ മാത്രമല്ല, ബാലു മഹേന്ദ്രയുടെയും കെ. ബാലചന്ദറിന്റെയും സിനിമകള്‍ ആവര്‍ത്തിച്ച് കണ്ട് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചയാളാണ് താനെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഒരു ഫിലിം സ്‌കൂളിലും പോയിട്ടല്ല ഫിലിംമേക്കിങ്ങിനെപ്പറ്റി പഠിച്ചത്. മണിരത്‌നം സാറിന്റെ നായകന്‍, ബോംബൈ എന്നീ സിനിമകള്‍ കണ്ടിട്ടാണ് ഞാന്‍ സിനിമ പഠിച്ചത്. ബോംബൈ റിലീസായപ്പോള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. ഒരു നോട്ട്പാഡും കൊണ്ടാണ് പടത്തിന് കേറിയത്. ഓരോ ഷോട്ടും കൃത്യമായി അനലൈസ് ചെയ്ത് എഴുതിയിട്ടുണ്ട്. ഓരോ സീനും എങ്ങനെയെടുക്കണം എന്ന് എനിക്ക് ഒരു ഐഡിയ തന്നത് ആ സിനിമയാണ്.
ഇന്നും ആ നോട്ട് എന്റെ കൈയിലുണ്ട്. മണിരത്‌നം സാറിനോട് അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റി ചോദിക്കേണ്ടി വരുമ്പോള്‍ എനിക്ക് റഫറന്‍സിനായി മറ്റ് കാര്യങ്ങള്‍ നോക്കേണ്ട ആവശ്യമില്ല. നായകന്‍, ബോംബൈ, ഇരുവര്‍ എന്നീ സിനിമകള്‍ കണ്ടാണ് ഫിലിംമേക്കിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. മണിസാറിന്റെ മാത്രമല്ല, ബാലചന്ദര്‍ സാറിന്റെയും ബാലു മഹേന്ദ്ര സാറിന്റെയും സിനിമകള്‍ എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
Content Highlight: Gautham Vasudev Menon saying Maniratnam’s movies influenced him in filmmaking