സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച ഗൗതം വാസുദേവ് മേനോന്‍ 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.
തന്റെ പേരിനൊപ്പമുള്ള മേനോന്‍ ഒരിക്കലും ജാതിപ്പേരായി കണ്ടിട്ടില്ലെന്ന് പറയുകയാണ് ജി.വി.എം. തന്റെ അച്ഛന്‍ തനിക്ക് നല്‍കിയ പേരാണ് അതെന്ന് ഗൗതം മേനോന്‍ പറഞ്ഞു. വാസുദേവ് മേനോന്‍ എന്നത് തന്റെ മുത്തശ്ശന്റെ പേരാണെന്നും തന്റെ പേരിനൊപ്പം ആ പേരും ചേര്‍ത്തത് തന്റെ അച്ഛനാണെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു.
സ്‌കൂളിലെയും കോളേജിലെയും റെക്കോഡുകളില്‍ തന്റെ പേര് ഗൗതം വാസുദേവ് മേനോന്‍ എന്ന് തന്നെയാണെന്നും ഗൗതം മേനോന്‍ പറഞ്ഞു. ആദ്യത്തെ സിനിമ ചെയ്യുന്ന സമയത്ത് ഒരു സംവിധായകന് ഇത്രയും വലിയ പേര് ആവശ്യമില്ലെന്ന് അതിന്റെ നിര്‍മാതാവ് തന്നോട് പറഞ്ഞെന്നും അങ്ങനെയാണ് ആദ്യകാലത്തെ സിനിമകളില്‍ ഗൗതം എന്ന് മാത്രം നല്‍കിയതെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു.
പിന്നീട് തനിക്ക് എല്ലാം തീരുമാനിക്കാന്‍ സാധിച്ചത് വാരണം ആയിരം എന്ന സിനിമയുടെ സമയത്തായിരുന്നെന്നും ആ ചിത്രം മുതല്‍ തന്റെ പേര് ഗൗതം വാസുദേവ് മേനോന്‍ എന്നാക്കിയെന്നും ഗൗതം മേനോന്‍ പറഞ്ഞു. പക്ഷേ, ഒരിക്കലും ജാതിയെ വലിയ സംഭവമായി കാണുന്നയാളല്ല താനെന്നും തന്റെ പങ്കാളി ക്രിസ്ത്യനാണെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു. ജാതി, മതം പോലുള്ള കാര്യങ്ങള്‍ താന്‍ ഒരിക്കലും പരിഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
‘എന്റെ പേരിന്റെ കൂടെയുള്ള മേനോന്‍ ഒരിക്കലും ജാതിപ്പേരായിട്ട് കണ്ടിട്ടേയില്ല. എന്റെ അച്ഛന്‍ എനിക്ക് നല്‍കിയ പേരാണ് അത്. അദ്ദേഹത്തിന്റെ പേരാണ് വാസുദേവ് എന്ന് പലരും കരുതിയിരിക്കുന്നത്. അച്ഛന്റെ പേര് പ്രഭാ കൃഷ്ണന്‍ എന്നായിരുന്നു. വാസുദേവ് മേനോന്‍ എന്നത് എന്റെ മുത്തശ്ശന്റെ പേരാണ്. ഗൗതം എന്ന പേരിന്റെ കൂടെ വാസുദേവ് മേനോന്‍ എന്ന് ചേര്‍ത്തത് അച്ഛനാണ്.
എന്റെ സ്‌കൂള്‍, കോളേജ് റെക്കോഡുകളിലെല്ലാം കൊടുത്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ എന്ന് തന്നെയാണ്. ആദ്യത്തെ സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ നിര്‍മാതാവ് പറഞ്ഞത് ഇത്രയും വലിയ പേര് സംവിധായകര്‍ക്ക് വേണ്ടെന്നാണ്. അങ്ങനെയാണ് ആദ്യകാലത്തെ സിനിമകളില്‍ ഗൗതം എന്ന് മാത്രം കൊടുത്തത്.
പിന്നീട് എനിക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞത് വാരണം ആയിരം എന്ന സിനിമയുടെ സമയത്താണ്. ആ സമയത്താണ് അച്ഛന്‍ എന്നെ വിട്ടു പോയത്. അദ്ദേഹത്തിനോടുള്ള ആദരവും കൂടി കാരണമാണ് ഗൗതം വാസുദേവ് മേനോന്‍ എന്ന പേര് എല്ലാ സിനിമയിലും കാണിച്ചത്. മേനോന്‍ എന്നത് ഒരിക്കലും ജാതിയെ ഉയര്‍ത്തിക്കാണിക്കാനല്ല. എന്റെ പങ്കാളി ഒരു ക്രിസ്ത്യനാണ്. ഒരിക്കലും ജാതിയെയോ മതത്തിനെയോ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
Content Highlight: Gautham Vasudev Menon said that the Menon in his name was never part of the caste