| Friday, 21st February 2020, 6:41 pm

അഭിമുഖം: ട്രാന്‍സിന്റെ ആദ്യത്തെ 45 മിനിറ്റ് ശരിക്കും അസൂയയുണ്ടാക്കി; മലയാളത്തില്‍ ഉടനെ ഒരു പ്രോജക്റ്റ് പ്രതീക്ഷിക്കാം ; ഗൗതം വാസുദേവ് മേനോന്‍ സംസാരിക്കുന്നു

അശ്വിന്‍ രാജ്

ഗൗതം വാസുദേവ് മേനോന്‍ സിനിമപ്രേമികള്‍ക്ക് പ്രത്യേകിച്ച് സൗത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഈ പേര് എന്നും ആവേശമാണ്.
തമിഴ് സിനിമയില്‍ തന്നെ മാറ്റത്തിന്റെ തുടക്കം കുറിച്ച സംവിധായകരില്‍ ഒരാളാണ് ഗൗതം മേനോന്‍, പ്രണയവും ആക്ഷനും ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോയെന്ന് സംശയമാണ്.

അഭിനയത്തിലും തിളങ്ങുന്ന ഗൗതം മേനോന്‍ ഒടുവില്‍ ട്രാന്‍സിലൂടെ മലയാളത്തില്‍ ഒരു വില്ലന്‍ വേഷത്തില്‍ എത്തിയിരിക്കുകയാണ്. ട്രാന്‍സിനെ കുറിച്ചും തന്റെ സിനിമകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ഗൗതം മേനോന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

മലയാളത്തില്‍ ട്രാന്‍സിന് മുന്‍പ് വിനീത് ശ്രീനിവാസന്റെ ഒരു സിനിമയില്‍ ഗൗതം മേനോന്‍ അഭിനയിക്കും എന്ന വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അത് നടന്നില്ല. കാത്തിരിപ്പിനൊടുവില്‍ മലയാളത്തില്‍ ഗൗതം എത്തിയിരിക്കുന്നു. അതും ഒരു ഡാര്‍ക് മൂഡ് സ്‌റ്റൈലിഷ് വില്ലനായി. എങ്ങിനെയാണ് ഗൗതം ട്രാന്‍സിലേക്ക് എത്തിച്ചേരുന്നത് ?

വിനീതിന്റെ സിനിമ ഞാന്‍ മിസ് ചെയ്തു. കാരണം ചെന്നൈയിലെ വെള്ളപ്പൊക്കത്തിന്റെ സമയമായിരുന്നു. അഭിനയിക്കുക എന്നതില്‍ എനിക്ക് ചില സംശയങ്ങളൊക്കെയുണ്ടായിരുന്നു. കാരണം ക്യാമറയുടെ മുന്നില്‍ നില്‍ക്കുക അഭിനയിക്കുക എന്നതൊന്നും അത്ര താല്‍പ്പര്യമില്ലായിരുന്നു. ആ താല്‍പ്പര്യം ഇപ്പോഴുമില്ല. അതിനല്ല ഞാന്‍ വന്നത്. ഞാന്‍ വന്നത് എഴുതാനും, സംവിധാനം ചെയ്യാനുമാണ്. കൂടുതല്‍ സിനിമകള്‍ കാണുന്നതിനും പുതിയ സിനിമകള്‍ ചെയ്യുന്നതിനുമാണ് എനിക്ക് താല്‍പ്പര്യം.

ട്രാന്‍സിലേക്ക് എന്നെ ആകര്‍ഷിച്ചത് ഇതിന്റെ ഇതിന്റെ കാസ്റ്റും ക്രൂവും തന്നെയാണ്. നേരത്തെ ഫഹദിന്റെ ഒരു സബജക്ടിന് വേണ്ടി കണ്ടപ്പോഴാണ് അന്‍വര്‍ സാറിന് എന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ട് എന്നറിയുന്നത്. പിന്നീട് ചെന്നൈയില്‍ വെച്ച് അന്‍വര്‍ സാറിനെ കാണുന്നു.

എനിക്ക് ഒരു ഡാര്‍ക്ക് മൂഡ് കോര്‍പ്പറേറ്റ് വില്ലനെ വേണം എന്നാണ് സാര്‍ പറഞ്ഞത്. ടിപ്പിക്കല്‍ സ്റ്റൈലില്‍ അല്ല. ഞാന്‍ നിങ്ങളുടെ അഭിമുഖങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ നിങ്ങള്‍ സംസാരിക്കുന്ന രീതിയൊക്കെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അങ്ങിനെയൊരു മൂഡാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സംവിധാനം അന്‍വര്‍ റഷീദ്, ഛായാഗ്രഹണം അമല്‍ നീരദ് -ഇതൊക്കെയാണ് ഞാന്‍ ഈ സിനിമയിലേക്ക് വരാന്‍ കാരണം. അവര്‍ വര്‍ക്ക് ചെയ്യുന്ന രീതി, പ്ലാനിംഗ് ഒക്കെ മികച്ചതായിരുന്നു. മറ്റൊന്ന് എനിക്ക് എന്റെ വര്‍ക്കുകളിലും ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞു എന്നതാണ്. ഞാന്‍ സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ ഒരു ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരിക്കും. പക്ഷേ ഇതില്‍ എനിക്ക് ഓരോ ഷോട്ടിനും ശേഷം രണ്ട് മണിക്കൂറോളം ഇടവേളകള്‍ കിട്ടിയിരുന്നു.

ഷോട്ടിന്റെ ഒരു 5-10 മിനിറ്റ് മുമ്പ് എനിക്ക് സീന്‍ കിട്ടിയാല്‍ അത് ചെയ്യാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ട്രാന്‍സിന്റെ ഷൂട്ടിന്റെ സമയത്ത് എനിക്ക് എന്റെ എഴുത്തിനും മറ്റും ഒന്നര-രണ്ട് മണിക്കൂറുകള്‍ ലഭിക്കുമായിരുന്നു.

പിന്നെ ലൈവ് സൗണ്ട് ആയിരുന്നു ചിത്രം, അതുകൊണ്ട് തന്നെ എനിക്ക് ഡബ്ബ് ചെയ്യേണ്ടിവന്നിട്ടില്ല.

ഒരു സിനിമാസംവിധായകന്‍ എന്ന നിലയില്‍ ട്രാന്‍സ് എന്ന സിനിമയെ എങ്ങിനെ നോക്കികാണുന്നു? മലയാള സിനിമയെ ട്രാന്‍സ് ഏത് രീതിയിലായിരിക്കും സ്വാധീനിക്കുക ?

ശരിക്കും ബ്രില്ല്യന്റ് ഡയറക്ടര്‍ വര്‍ക്കാണ് ഇത്. ഈ പടത്തിന്റെ ഓപ്പണിംഗ് 45 മിനിറ്റ്, എനിക്ക് ശരിക്കും അസൂയവന്നു. ഓ…മൈ ഗോഡ്. ഇങ്ങനെയൊരു പരിശ്രമം ഞാന്‍ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. എന്റെ സിനിമയില്‍ ഞാന്‍ ചെയ്തിട്ടുമില്ല. കഥയും മറ്റും എനിക്ക് അറിയാമായിരുന്നെങ്കിലും ആ 45 മിനിറ്റ് അത്തരത്തിലൊരു ട്രീറ്റ്‌മെന്റ് അപാരമായിരുന്നു.

ശരിക്കും കുറെ കാലത്തിന് ശേഷമാണ് താരങ്ങളുടെതിന് പകരം ഒരു സംവിധായകന്റെ സിനിമ കാണുന്നത്. താരങ്ങളും സംഗീതവും എല്ലാ ഘടകങ്ങളും എനിക്ക് പിന്നീടാണ് വരുന്നത്.

പിന്നെ ചിത്രത്തിലെ ടീം. ക്യാമറ, സംഗീതം, ഞാന്‍ ഒഴിച്ചുള്ള മറ്റ് അഭിനേതാക്കള്‍. എല്ലാവരും ഈ ഇന്‍ഡസ്ട്രിയിലെ തന്നെ മികച്ച ആളുകളാണ്. ഇത് ഞാന്‍ ഈ സിനിമയില്‍ ഉള്ളത് കൊണ്ട് മാത്രം പറയുന്നതല്ല.

മലയാളത്തിലെ പുതിയ തലമുറയിലെ ഫഹദിന്റെ വില്ലന്‍ ആയി താങ്കള്‍ എത്തുന്നു. തമിഴില്‍ ആണെങ്കില്‍ കൂടിയും താങ്കള്‍ ദുല്‍ഖറിന്റെയും വില്ലനാകുന്നുണ്ട്. ഇതിന് പുറമേ താങ്കളുടെ ക്വീനില്‍ ഇന്ദ്രജിത്ത് എത്തുന്നു. എങ്ങനെയുണ്ട് മലയാളത്തിന്റെ പുതിയ തലമുറ?

എല്ലാ കാലത്തും മലയാളത്തില്‍ നിന്ന് മികച്ച അഭിനേതാക്കളും ടെക്‌നീഷ്യന്‍സുമാണ് വരുന്നത്. ഇവരുടെയൊക്കെ കൂടെ എനിക്ക് വര്‍ക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ട്. ലാല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന് ഞാന്‍ കുറെ പരിശ്രമിച്ചിരുന്നു. മമ്മൂക്കയെ കാണുകയും സ്‌ക്രിപ്റ്റ് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ദുല്‍ഖര്‍ അടക്കമുള്ള താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ വര്‍ക്കുകള്‍ പലതും മികച്ചതാണ്. ഒരുപാട് കഴിവുള്ളവരാണ് മലയാളത്തില്‍ ഉള്ളത്. മികച്ച നിര്‍മാതാക്കള്‍ ടെക്‌നീഷ്യന്‍സ്, സംവിധായകര്‍ അങ്ങിനെ.

പകുതി മലയാളിയാണ് താങ്കള്‍. ധാരാളം ആരാധകരും കേരളത്തില്‍ താങ്കള്‍ക്കുണ്ട്. മലയാളത്തില്‍ ഗൗതം മേനോന്‍ സിനിമ പ്രതീക്ഷിക്കാമോ ?

ഉടനെ തന്നെ ഉണ്ടാകും. ഒരു സ്‌ക്രിപ്റ്റ് ഉണ്ട്, ഫഹദിനെയാണ് മനസില്‍ കാണുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നെ പറയാം.

ക്വീന്‍ എന്ന ജയലളിതയുടെ ജീവിതം അവതരിപ്പിക്കുന്ന ബ്രില്ല്യന്റ് ആയിട്ടുള്ള ഒരു സീരിസ് താങ്കള്‍ സംവിധാനം ചെയ്തിരുന്നു. സിനിമയില്‍ നിന്ന് സീരിസിലേക്ക് വരുമ്പോഴുള്ള വ്യത്യാസങ്ങള്‍ എങ്ങിനെ കാണുന്നു ?

എനിക്ക് അങ്ങനെ വ്യത്യാസങ്ങള്‍ ഒന്നും ഫീല്‍ ചെയ്തില്ല. എന്റെ അതേ ടീമിനെയും അതേ ക്യാമറയും മറ്റും വെച്ചാണ് ഈ വര്‍ക്കും ചെയ്തിട്ടുള്ളത്. പിന്നെ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ഈ സീരിസിലൂടെ പറയുന്നുണ്ട്. സിനിമയുടെ രണ്ട്- രണ്ടര മണിക്കൂറില്‍ ഒപ്പിക്കുന്നതിന് കുറെ ഷോട്ടുകളും കാര്യങ്ങളും നമ്മള്‍ ട്രൈ ചെയ്യും. എന്നാല്‍ സീരിസില്‍ വരുമ്പോള്‍ നമ്മള്‍ ഷോട്ടുകളുടെയും സീനുകളുടെയും കാര്യത്തില്‍ കുറച്ച് കൂടി ഫ്രീയാണ്. ആ ആര്‍ത്ഥത്തില്‍ ഞാന്‍ വളരെയധികം സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു.

സീരിസുകള്‍ ധാരാളം വരുന്ന ഒരു സമയമാണിത്, ഇന്ത്യയില്‍ സീരിസുകളുടെ സാധ്യത എത്രത്തോളമാണ്, തിയേറ്റര്‍ എക്സ്പീരിയന്‍സ് നഷ്ടപ്പെടുത്തും എന്ന വാദത്തിനോട് താങ്കള്‍ എങ്ങിനെ പ്രതികരിക്കുന്നു ?

ഞാന്‍ അങ്ങിനെ കരുതുന്നില്ല. എല്ലാ മേക്കേര്‍സും ആഗ്രഹിക്കുന്നത് തങ്ങളുടെ വര്‍ക്കുകള്‍ ആളുകളിലേക്ക് എത്തിക്കാനാണ്. നമ്മള്‍ക്ക് രണ്ടര-മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഉള്ള കണ്ടന്റ് തിയേറ്ററില്‍ കാണിക്കാന്‍ കഴിയില്ല. ഇത് തിയേറ്ററിനെ ബാധിക്കുമെന്നല്ല കരുതേണ്ടത്. എന്റെ കൈയ്യില്‍ ഒരു ആശയം വന്നാല്‍ അത് രണ്ടര മണിക്കൂര്‍ ഉള്ള ഫീച്ചറിലേക്ക് ഒതുക്കാന്‍ കഴിയുമോ എന്നാണ് നോക്കുക.

അത് ഒരു നാല്, അഞ്ച് മണിക്കൂറിലേക്കുള്ള കണ്ടന്റ് ഉണ്ടെങ്കില്‍ അതിന് ഇപ്പോള്‍ ഒരു ഫോര്‍മാറ്റ് ഉണ്ട്, മുമ്പ് അത് ഇല്ലായിരുന്നു. അതുകൊണ്ട് സീരിസുകളെ പോസിറ്റീവായിട്ടാണ് ഞാന്‍ കരുതുന്നത്.

വിണ്ണെയ് താണ്ടി വരുവായ 2 വരുന്നു എന്ന ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു. എന്താണ് അതിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ ?

വിണ്ണെയ് താണ്ടി വരുവായ 2 തീര്‍ച്ചയായും ഉണ്ട്, ജെസി ഉണ്ട്. കാര്‍ത്തിക് ആയി സിമ്പു ഉണ്ടോ  എന്നറിയില്ല, സിമ്പു വന്നാല്‍ ഉടനെ വിണ്ണെയ് താണ്ടി വരുവായ 2 ഉണ്ടാകും.

ഒരു മോഹന്‍ലാല്‍-ഗൗതം മേനോന്‍ സിനിമ വരും, വരുന്നു എന്നൊക്കെ പ്രചരണങ്ങള്‍ ഉണ്ടാവുന്നുണ്ട്, ശരിക്കും അങ്ങനെയൊരു പ്രോജകട് പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും ലാല്‍ സാറിന്റെ കൂടെ ഒരു സിനിമ പ്രതീക്ഷിക്കാം. ലാല്‍ സാര്‍ ഗ്രീന്‍ സിഗ്നല്‍ തന്നാല്‍ നാളെ തന്നെ വന്ന് ഞാന്‍ സിനിമ ചെയ്യും.

താങ്കളുടെയും വിക്രമിന്റെയും ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ധ്രുവനച്ചിത്രം. നിരന്തരം സോഷ്യല്‍ മീഡിയയിലും സിനിമ ഗ്രൂപ്പുകളിലും ഏറെ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് ധ്രുവനച്ചിത്രം എന്ന് റിലീസ് ആവുമെന്നുള്ളത് ? Any updates…?

ധ്രുവനച്ചിത്രം സിനിമ വര്‍ക്ക് കംപ്ലീറ്റ് കഴിഞ്ഞു. അത് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

കാര്‍ത്തിക് നരേയ്ന്‍ സംവിധാനം ചെയ്ത നരകാസുരന്‍ സിനിമാ റിലീസും മറ്റുമായി ബന്ധപ്പെട്ട് താങ്കള്‍ക്കെതിരെ ഒരു ആരോപണം ഉയര്‍ന്നിരുന്നു. ശരിക്കും എന്താണ് നരകാസുരന് സംഭവിച്ചത് ?

സത്യത്തില്‍ എനിക്കും ആ പടത്തിനും ഇപ്പോള്‍ ഒരു ബന്ധവുമില്ല, ശരിയാണ് ഞാന്‍ ആണ് ആ പടം തുടങ്ങിയത്. പിന്നീട് വലിയ താരങ്ങള്‍ വേണമെന്ന് ആവശ്യം വന്നു, ബഡ്ജറ്റ് കൂടി അങ്ങിനെ ഇന്‍വെസ്റ്റേഴ്‌സിനെ നോക്കുകയായിരുന്നു. ആ സിനിമയുമായി എന്റെ ബന്ധം അപ്പോള്‍ അവസാനിച്ചതാണ്.

കാര്‍ത്തിക്കിനും അത് അറിയാം. പിന്നെ എന്തിനാണ് മാധ്യമങ്ങളോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. സെന്‍സര്‍ അടക്കം കഴിഞ്ഞതാണ് എന്നാണ് എനിക്ക് തോന്നുന്നത്. അവരാണ് ആ സിനിമയെ കുറിച്ച് പറയേണ്ടത്.

അവസാനമായി ഒരു ചോദ്യം, താങ്കള്‍ ഒരേ സമയം സിനിമകള്‍ ചെയ്യുന്നു, സീരിസുകള്‍ സംവിധാനം ചെയ്യുന്നു, ഇതിനിടയ്ക്ക് അഭിനയിക്കുന്നുണ്ട്. ഇതിനെല്ലാം കൂടി എങ്ങനെയാണ് സമയം കണ്ടെത്തുന്നത്?

നല്ല ഒരു ചോദ്യമാണിത്. ടൈം മാനേജ്‌മെന്റ് എന്നല്ല. അത് ചെയ്യണമെന്ന് തീരുമാനിക്കുന്നതും അത് ചെയ്‌തെടുക്കുന്നതുമാണ്. എന്റെ ടീമിനാണ് അതിന് നന്ദി പറയേണ്ടത്. മികച്ച് ഒരു ടീം എന്റെ കൂടെയുണ്ടായിരുന്നു. ഇടയ്ക്ക് ഈ അഭിനയിക്കാനുള്ള കമ്മിറ്റ്‌മെന്റ് വരുന്നു.

ദുല്‍ഖറിന്റെ സിനിമയില്‍ ഒരു പതിനഞ്ച് ദിവസം ഉണ്ടായിരുന്നു. ട്രാന്‍സിന് വേണ്ടി 15 ദിവസമായിരുന്നു നല്‍കിയത്. ഈ ഒരു രണ്ടര വര്‍ഷത്തിനിടയ്ക്ക് ഞാന്‍ ഒരു മൂന്ന് സിനിമ ചെയ്തു. പിന്നെ ചില പ്രൈവറ്റ്, പബ്ലിക് ആഡുകള്‍, സീരിസുകള്‍ അങ്ങനെ പലതും. എല്ലാം നടക്കുന്നത് ഒരു നല്ല ടീം എന്റെ കൂടെയുള്ളത് കൊണ്ടാണ്.

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more