Film News
കപ്പേളയുടെ തമിഴ് റീമേക്കിനുള്ള റൈറ്റ്‌സ് നേടിയെടുത്ത് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 04, 01:38 pm
Tuesday, 4th January 2022, 7:08 pm

സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം കപ്പേളയുടെ റീമേക്ക് റൈറ്റ്‌സ് നേടിയെടുത്ത് ഗൗതം വാസുദേവ് മേനോന്‍. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിലുള്ള പ്രശംസ നേടിയിരുന്നു.

ചിമ്പുവിനെ നായകനാക്കി ‘വെന്തു തണിന്തതു കാട്’ എന്ന ചിത്രമാണ് ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്നത്. അതിനു ശേഷം രണ്ടു ചിത്രങ്ങള്‍ കൂടി അദ്ദേഹത്തിന് സംവിധാനം ചെയ്യാനുണ്ട്.

2020 ല്‍ കപ്പേളയുടെ റിലീസിന് ശേഷം ഈ ചിത്രം തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യാനുള്ള അനുവാദം നിര്‍മാതാക്കള്‍ നേടിയെടുത്തിരുന്നു. എന്നാല്‍ സംവിധായക ടീമിലുള്ള ഒരാള്‍ തന്നെ എറണാകുളം ജില്ലാ കോടതിയില്‍ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിനെതിരെ പരാതിപ്പെട്ടിരുന്നു.

സിനിമയുടെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ് എന്നയാളാണ് എറണാകുളം ജില്ലാ കോടതിയില്‍ നല്‍കിയ ഹരജിയ്ക്ക് പിന്നാലെയായിരുന്നു കപ്പേളയുടെ അന്യഭാഷാ റീമേക്കുകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

2020ല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റുപോയിരുന്നു. അതിനുശേഷം ചിത്രത്തിനു കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തനിക്കും ഈ ചിത്രത്തിന്റെ തിരക്കഥയില്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ് എന്ന വ്യക്തി എത്തിയത്.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ മുസ്തഫ സഹസംവിധായകര്‍ക്ക് പ്രതിഫലം നല്‍കിയതിന്റെ ഡോക്യുമെന്റ്‌സ് ഹാജരാക്കിയതോടെ നിയമതടസങ്ങള്‍ നീങ്ങുകയായിരുന്നു. അല്ലു അര്‍ജുന്റെ ഹിറ്റ് ചിത്രമായ അങ്ങ് വൈകുണ്ഠപുരത്ത് ടീമാണ് കപ്പേളയുടെ തെലുങ്കു റീമേക്ക് ചെയ്യുന്നത്.

തിയേറ്ററുകളിലൂടെ പ്രദര്‍ശനത്തിനെത്തിയ കപ്പേള കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു. പിന്നീടാണ് ചിത്രം നെറ്റ്ഫ്ളിക്സിലൂടെ റിലീസിനെത്തുന്നത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചത്. നിരവധി പുസ്‌കാരങ്ങള്‍ക്ക് ചിത്രം അര്‍ഹമായിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മുഹമ്മദ് മുസ്തഫയും ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: gautham-menon-gets-the-rights-for-tamil-remake-of-the-super-hit-malayalam-movie-kappela