| Wednesday, 18th September 2024, 4:44 pm

ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അവനാണ്: പ്രസ്താവനയുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ബംഗ്ലാദേശിനെ സ്വന്തം മണ്ണില്‍ നേരിടാനുള്ള അവസാന ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ ആത്മവിശ്വാസവുമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്.

എന്നാല്‍ അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ലങ്കന്‍ മണ്ണിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ഇന്ത്യ സ്വന്തം മണ്ണില്‍ ലക്ഷ്യം വെക്കുക.

ഇപ്പോള്‍ ഈ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ബുംറ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍ ആണെന്നാണ് ഗംഭീര്‍ പറഞ്ഞത്. ജിയോ സിനിമയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്. അവന്‍ നിലവിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച താരമാണ്. ബുംറക്ക് കഴിയുന്നത്ര സമയങ്ങളില്‍ വരെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുള്ളതാണ് അവനെ മികച്ചതാക്കുന്നത്,’ ഗംഭീര്‍ പറഞ്ഞു.

നിലവില്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് ബുംറ നടത്തുന്നത്. മികച്ച യോര്‍ക്കറുകളിലൂടെയും കൃത്യമായ വേഗതയിലൂടെയും പന്തെറിഞ്ഞുകൊണ്ട് മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ബുംറ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും ബുംറ സ്വന്തമാക്കിയിരുന്നു. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങള്‍ ബംഗ്ലാദേശിനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Gautham Gambhir Talks About Virat Kohli

We use cookies to give you the best possible experience. Learn more