| Friday, 17th May 2024, 8:25 am

സഞ്ജു നിങ്ങളിപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല, നിങ്ങളുടെ കഴിവുകൾ എന്താണെന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കണം: ഇന്ത്യൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ കഴിഞ്ഞാല്‍ ഉടന്‍ നടക്കുന്നത് ടി-20 ലോകകപ്പ് ആണ്. ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ ലോകകപ്പിന് മുന്നോടിയായി സഞ്ജു സാംസണിന് ഉപദേശവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്‌പോര്‍ട്‌സ് കീഡയിലൂടെ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ ഇതിഹാസം.

‘നിങ്ങള്‍ ഇപ്പോള്‍ ലോകകപ്പ് ടീമില്‍ ആണുള്ളത്. ഇന്ത്യക്കൊപ്പം മത്സരങ്ങള്‍ ജയിക്കാനുള്ള അവസരങ്ങള്‍ മുന്നിലുണ്ട്. നിങ്ങള്‍ ഇപ്പോള്‍ പഴയപോലെ ചെറുപ്പം അല്ല ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരുപാട് അനുഭവ സമ്പത്തുള്ള ഒരു താരമാണ്. ഐ.പി.എല്ലില്‍ നിങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ വിജയിച്ചു. ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം ലോകകപ്പ് ടീമിലും ഇടം നേടി. അതുകൊണ്ടുതന്നെ ഈ സമയങ്ങളില്‍ ലോകത്തിനു മുന്നില്‍ നിങ്ങളുടെ കഴിവ് എന്താണെന്ന് കാണിച്ചു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

2015ല്‍ സിംബാബ്വെക്കെതിരെയാണ് സഞ്ജു ടി-20യില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കൊപ്പം 22 ഇന്നിങ്‌സില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറി അടക്കം 374 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിനത്തില്‍ കളിക്കുന്നത്. ഏകദിനത്തില്‍ 14 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.

ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്.

13 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളുമായി രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. അവസാനം കളിച്ച നാല് മത്സരങ്ങളും രാജസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും കൂട്ടരും.

മെയ് 19നാണ് രാജസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നടക്കുന്നത്. ബര്‍സാ പുര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് സഞ്ജുവിന്റെയും കൂട്ടരുടെയും എതിരാളികള്‍.

Content Highlight: Gautham Gambhir talks about Sanju Samson

We use cookies to give you the best possible experience. Learn more