ക്രിക്കറ്റിലെ ഏറ്റവും വലിയ നിസ്വാർത്ഥനായ താരം അദ്ദേഹമാണ്: ഗംഭീർ
Cricket
ക്രിക്കറ്റിലെ ഏറ്റവും വലിയ നിസ്വാർത്ഥനായ താരം അദ്ദേഹമാണ്: ഗംഭീർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 12:17 pm

പരിശീലകനായി ചുമതലയേറ്റതിനുശേഷം നടന്ന ആദ്യ പരമ്പര തന്നെ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യ സീരിസ് വിജയം ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഡക്ക് വ്ര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്.

രണ്ടാം ബാറ്റിങ്ങിനിടെ മഴ കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെലക്ഷ്യം മറികടക്കുകയായിരുന്നു.

പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗംഭീര്‍. ബി.സി.സിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോലാണ് ഗംഭീര്‍ ദ്രാവിഡിനെ കുറിച്ച് പറഞ്ഞത്.

‘എനിക്ക് ഇപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. കാരണം ഈ സന്ദേശം വളരെയധികം അര്‍ത്ഥമുള്ളതാണ്. ഞാന്‍ ഇപ്പോള്‍ വിജയിച്ച വ്യക്തിയെന്ന നിലയില്‍ അല്ല നിങ്ങളെ കാണുന്നത്. ഒരുമിച്ച് കളിക്കുമ്പോള്‍ നിങ്ങളെ ശ്രദ്ധിക്കാറുള്ള പോലെയാണ്. ഞാനെന്റെ പല അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞാനിതുവരെ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നീസ്വാര്‍ത്ഥനായ ക്രിക്കറ്റ് താരം ദ്രാവിഡാണ്.

അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആവശ്യമുള്ളതെല്ലാം ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. എനിക്ക് മാത്രമല്ല അടുത്ത തലമുറയ്ക്കും ഇപ്പോഴുള്ള തലമുറയ്ക്കും നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കാരണം ഇന്ത്യന്‍ ക്രിക്കറ്റിന് അത്രത്തോളം പ്രധാനമാണ് നിങ്ങള്‍. ഈ സന്ദേശം എന്നെ വളരെയധികം വികാരഭരിതനാക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ എന്ന നിലയില്‍ സത്യസന്ധതയോടെയും സുതാര്യതയോടെയും എനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

 

Content Highlight: Gautham Gambhir Talks about Rahul Dravid