ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇനി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് നിര്‍ണായക മത്സരം നടക്കുക. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.
ഇതോടെ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ഒട്ടനവധിപേര്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം പരിശീലകസ്ഥാനമേറ്റ മുന്‍ താരം ഗൗതം ഗംഭീറിനും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോള്‍ സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് ഗംഭീര്‍.
‘ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭകള്‍ ഉള്ള കാലത്തോളം ഞങ്ങള്‍ എപ്പോഴും സുരക്ഷിതമായ കൈകളിലായിരിക്കും. ഒരുപക്ഷേ ഫലം ലഭിക്കാത്ത സമയങ്ങള്‍ വരും, അതില്‍ ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. യുവ കളിക്കാരെ വിമര്‍ശിക്കുന്നതിനേക്കാള്‍, അവര്‍ക്ക് മെച്ചപ്പെടാന്‍ ഞങ്ങള്‍ സമയം നല്‍കേണ്ടതുണ്ട്, അത് സപ്പോര്‍ട്ട് സ്റ്റാഫിന്റെ മാത്രമല്ല, നിങ്ങളുടേയും (മാധ്യമങ്ങള്‍) പങ്കാണ്, വിമര്‍ശിക്കുന്നതിനേക്കാള്‍ അവരെ സഹായിക്കുക. പരിവര്‍ത്തനം സംഭവിക്കുന്നത് വ്യക്തികള്‍ക്ക് മാത്രമല്ല, രാജ്യത്തിന് വേണ്ടിയും അത് ഒരുമിച്ചുണ്ടാകണം,
ഡ്രസിങ് റൂമില്‍ സത്യസന്ധരായ ആളുകള്‍ ഇരിക്കുന്നിടത്തോളം കാലം ഇന്ത്യന്‍ ക്രിക്കറ്റ് എപ്പോഴും സുരക്ഷിതമായിരിക്കും, ഏത് മാറ്റത്തിനും സത്യസന്ധതയാണ് ഏറ്റവും പ്രധാനം. ഇത് മുതിര്‍ന്ന കളിക്കാരെ പുറത്താക്കി യുവാക്കളെ എത്തിക്കുന്നതല്ല. ആത്യന്തികമായി നിങ്ങളെ ഡ്രസ്സിങ് റൂമില്‍ നിര്‍ത്താന്‍ കഴിയുന്ന ഒരേയൊരു കാര്യത്തെക്കുറിച്ചാണ്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് ആവേശകരമായ സമയമാണ്. മുന്‍കാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു ഡിപ്പാര്‍ട്ട്മെന്റാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളിലും (ബാറ്റിങ്, ബൗളിങ്) മാറ്റം സംഭവിക്കും,’ ഗംഭീര്‍ പറഞ്ഞു.
ആറ് മാസം മുമ്പാണ് ദ്രാവിഡില്‍ നിന്നും പരിശീലക സ്ഥാനം ഗംഭീര്‍ ഏറ്റെടുത്തത് ശേഷം ശ്രീലങ്കയോടും ഹോം ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഇന്ത്യ മോല്‍കൈ നേടുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
കാരണം അവസാന ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാലോ സമനിലയില്‍ കുരുങ്ങിയാലോ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കും. ഇതോടെ 2014ന് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ച് പിടിക്കാനും ഓസീസിന് സാധിക്കും.
Content Highlight: Gautham Gambhir Talking About Indian Team Ahead To Final Test Of BGT