Sports News
ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സ്, അവരെ ഞങ്ങള്‍ പിന്തുണയ്ക്കും: ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 03, 04:22 am
Monday, 3rd February 2025, 9:52 am

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. 54 പന്ത് നേരിട്ട ഇന്ത്യന്‍ ഓപ്പണര്‍ 135 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് ഫോറും 13 സിക്‌സറും അടക്കം 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി കളത്തിലെത്തിയ സഞ്ജു 200+ സ്ട്രൈക്ക് റേറ്റില്‍ 16 റണ്‍സുമായി അതിവേഗം പുറത്തായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സിനും പുറത്തായിരുന്നു. പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. ഫോം മങ്ങിയെങ്കിലും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നാണ് മത്സരശേഷം പറഞ്ഞത്.

താരങ്ങളോട് ആക്രമണ രീതിയില്‍ ബാറ്റ് ചെയ്യാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വേണ്ട പിന്തുണ നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. മാത്രമല്ല തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സാണ് ഇതെന്നും മുന്‍ താരം പറഞ്ഞു. ഇതോടൊപ്പം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച അഭിഷേക് ശര്‍മയുടെ പ്രകടനത്തെ ഗംഭീര്‍ പ്രശംസിക്കുകയും ചെയ്തു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ടി-20 ഇന്നിങ്‌സുകളില്‍ ഒന്നാണിത്. അവന്റെ ചില ഷോട്ടുകള്‍ നോക്കൂ. ഈ ഫോര്‍മാറ്റിലുള്ള കളിക്കാരോട് നിങ്ങള്‍ക്ക് ക്ഷമ ആവശ്യമാണ്, കാരണം ഞങ്ങള്‍ അവരില്‍ നിന്ന് ഒരു ആക്രമണാത്മക ക്രിക്കറ്റ് ബ്രാന്‍ഡ് ആവശ്യപ്പെടുന്നു,

കൂടാതെ നിരവധി മത്സരങ്ങളില്‍ അവര്‍ പ്രകടനം നടത്താത്തത് നിങ്ങള്‍ കാണും. അവര്‍ ഞങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കുകയും ടീമിനായി അവരുടെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്,’ ഗൗതം ഗംഭീര്‍ പറഞ്ഞു.

Content Highlight: Gautham Gambhir Talking About Indian Players