| Saturday, 22nd June 2024, 8:21 am

ഇന്ത്യയെ നയിക്കാന്‍ ഗംഭീര്‍ മാത്രമല്ല മുന്നില്‍; പുതിയ ഹെഡ് കോച്ചിനെ കണ്ടെത്തുന്നതില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ജൂണ്‍ 20ന് നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

നിലവിലെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്നാല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തോടെ കഴിയാനിരിക്കെ പുതിയ കോച്ചിനെ ബി.സി.സി തിരയുകയാണ്. ഇതിനോട് അനുബന്ധിച്ച് മുന്‍ താരം ഗൗതം ഗംഭീറാണ് പുതിയ സ്ഥാനത്തേക്ക് എത്തുന്നത് എന്നും ഗംഭീര്‍ മാത്രമാണ് പുതിയ ഹെഡ് കോച്ചാവാന്‍ ആപ്ലിക്കേഷന്‍ അയച്ചതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നിരുന്നു.

എന്നാല്‍ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള അഭിമുഖം അടുത്തിടെ ഗംഭീര്‍ നേരിട്ടിരുന്നു. എന്നിരുന്നാലും ടീമിന്റെ പരിശീലകനാകാനുള്ള അവസരത്തിനായി ഡബ്ല്യുവി രാമനും അഭിമുഖങ്ങള്‍ നടത്തിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2024 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം കണക്കിലെടുക്കുമ്പോള്‍ ഗംഭീറാണ് പരിശീലകനാകാനുള്ള സാധ്യത ലിസ്റ്റില്‍ പോലും ഏറ്റവും മുന്നില്‍ . 17-ാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടം നേടിയത് ഗംഭീറിന്റെ നേതൃത്വത്തിലാണ്.

2024 ലെ ഐ.സി.സി ടി-20 ലോകകപ്പിന് ശേഷം ദ്രാവിഡിന് പകരക്കാരനാകാന്‍ ഗംഭീര്‍ മുന്നില്‍ ആണെങ്കിലും അടുത്തിടെ മാധ്യമങ്ങളെ കണ്ട ഗംഭീര്‍ ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. ‘അത്രയും മുന്നോട്ട് പോകുന്നില്ല, ഇപ്പോള്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്,’ എന്നാണ് മുന്‍ താരം പറഞ്ഞത്.

Content Highlight: Gautham Gambhir Talking About Indian Head Couch Role

We use cookies to give you the best possible experience. Learn more