ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22ാണ് ആരംഭിക്കുന്നത്.
കിവീസിനോടുള്ള പരാജയത്തിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും മുന്‍ നിര്‍ത്തിയാണ് ഗംഭീര്‍ സംസാരിച്ചത്.
കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ വിജയം സ്വന്തമാക്കിയെങ്കിലും ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള മത്സരമായല്ല പരമ്പരയെ സമീപിക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. മാത്രമല്ല ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്നതിനും ഗംഭീര്‍ മാധ്യമങ്ങള്‍ക്ക് ഉത്തരം നല്‍കി.
ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞത്
‘എല്ലാ പരമ്പരകളും പ്രധാനമാണ്, ഞങ്ങളുടെ പ്രധാന ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പന്യഷിന്റെ ഫൈനലല്ല. രണ്ട് നല്ല ടീമുകള്‍ തമ്മിലുള്ള മത്സര പരമ്പരയായിരിക്കും ഇത്. മാത്രമല്ല മുന്‍ ഫലങ്ങളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. രോഹിത് ശര്‍മയെക്കുറിച്ച് ബി.സി.സി.ഐ നിങ്ങളെ അറിയിക്കും. അവന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സീരീസ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഒരു അപ്ഡേറ്റ് ലഭിക്കും,’ ഗൗതം ഗംഭീര്‍.