Advertisement
Sports News
ഇന്ത്യന്‍ ടീമിലെ മൂന്ന് പ്രധാന താരങ്ങള്‍ക്ക് എട്ടിന്റെ പണി വരുന്നുണ്ട്; ഗംഭീറിന്റെ ആവശ്യം മറ്റൊന്ന്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 16, 04:47 pm
Tuesday, 16th July 2024, 10:17 pm

സിംബാബ്‌വെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ പരമ്പര ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും ഒഴിവാക്കിയേക്കുമെന്ന് നേരത്തെ പി.ടി.ഐ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. താരങ്ങള്‍ കൂടുതല്‍ ഇടവേള ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഗൗതം ഗംഭീന് മൂന്ന് താരങ്ങളെയും ശ്രീലങ്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ ഉള്‍പ്പെടുത്തണമെന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയില്‍ ഗംഭീര്‍ ഇത് സൂചിപ്പിച്ചിരുന്നു. ‘ഏകദിനത്തില്‍ നിങ്ങള്‍ക്ക് വേണ്ടത് എല്ലാ തരത്തിലുമുള്ള താരങ്ങളെയാണ്. അതില്‍ നിങ്ങള്‍ക്ക് അഗ്രസീവായ താരങ്ങളെയും ഭയമില്ലാത്ത താരങ്ങളെയും വേണ്ടിവരും,’ഗൗതം ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

എന്നാല്‍ താരങ്ങള്‍ ലോകകപ്പിനു ശേഷമുള്ള വിശ്രമത്തില്‍ വിദേശത്ത് യാത്ര ചെയ്യുകയാണ്. അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ഹര്‍ദിക് പാണ്ഡ്യ ഏകദിന പരമ്പരയുടെ ഭാഗമാകില്ല എന്ന് പുതിയ റിപ്പോര്‍ട്ടും ഉണ്ട്. ഇനി രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡ് പുറത്ത് വിടാനിരിക്കുകയാണ്. ടീമില്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്നത് കണ്ടറിയേണ്ടതുണ്ട്.

 

Content Highlight: Gautham Gambhir Talking About 3 Players In Indian Team